
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ആകെ 15 പ്രതികളുണ്ടെന്ന് ദൃക്സാക്ഷികള്‍. വടുതല സ്വദേശി മുഹമ്മദാണ് കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് അറിയിച്ചു. കോളേജിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയായ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
വളരെ ആസൂത്രിതമായിട്ടാണ് കൊലപാതകം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. കേരളത്തിലെ ക്യാംപസുകളില്‍ പൊതുവില്‍ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും അതു തകര്‍ക്കാനുള്ള നീക്കം ഏതു ഭാഗത്തു നിന്നായാലും സര്‍ക്കാര്‍ കര്‍ശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി 12 മണിയോടെയാണ് ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ ക്യാമ്പസിനുള്ളില്‍ വെച്ച് കുത്തിക്കൊന്നത്. സംഭവത്തില്‍ മൂന്നുപേരെ ഉടനെതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി അര്‍ജുനും കുത്തേറ്റു. മരിച്ച അഭിമന്യു എസ്എഫ്ഐ ഇടുക്കി ജില്ല കമ്മിറ്റി അംഗമാണ്. രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥിയാണ് അഭിമന്യു. ഞായറാഴ്ച വൈകീട്ട് പോസ്റ്ററൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ ക്യാംപസ് ഫ്രണ്ട് തര്‍ക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം നടന്നത്.
സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, ഒരു തൂണിൽ എസ്എഫ്ഐ ബുക്ഡ് എന്ന എഴുത്ത് വകവയ്ക്കാതെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിച്ചു. എസ്എഫ്ഐ പ്രവർത്തകർ ഇതു ചോദ്യം ചെയ്തു. ഈ വാക്കേറ്റത്തിന് ശേഷം എണ്ണത്തില്‍ കുറവായ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പുറത്തുപോയി പോപുലർ ഫ്രണ്ട്കാരുമായി എത്തിയതോടെ വാക്കേറ്റം കയ്യാങ്കളിയായി. ഇതിനിടെ പോപുലർ ഫ്രണ്ട് പ്രവർത്തകർ കത്തിയെടുത്തു കുത്തി.
എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം അഭിമന്യുവിന്റെ വയറിലാണ് കുത്തേറ്റത്. സംഭവ സ്ഥലത്തു വെച്ചു തന്നെ അഭിമന്യു അബോധവസ്ഥയിലായി. കൂടെ ഉണ്ടായിരുന്ന അർജുൻ എന്ന വിദ്യാർത്ഥിക്കും പരിക്കേറ്റു. അഭിമന്യുവിനെ ഉടൻ സമീപത്തുള്ള എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam