
മുംബൈ: 257 പേർ കൊല്ലപ്പെട്ട 1993 മുംബൈ സ്ഫോടന പരമ്പരക്കേസിൽ അബു സലീം ഉൾപെടെയുള്ള അഞ്ചുപ്രതികളുടെ ശിക്ഷ കോടതി ഇന്ന് പ്രഖ്യാപിക്കും. മൂന്ന് പ്രതികൾക്ക് യാക്കൂബ് മേമന് നൽകിയതു പോലെ വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
സ്ഫോടന പരമ്പരാകേസിൽ 24 വർഷത്തിന് ശേഷമാണ് അഞ്ചുപ്രതികളുടെ ശിക്ഷ മുംബൈ പ്രത്യേക ടാഡ കോടതി ജഡ്ജി ജിഎ സനാപ് പ്രഖ്യാപിക്കുക. അബൂ സലീം, മുസ്ഫതഫ ദോസ എന്നിവരടക്കം ആറുപേർ കുറ്റക്കാരാണെന്ന് കഴിഞ്ഞ ജൂൺ പതിനാറിന് കോടതി കണ്ടെത്തിയിരുന്നു. ജൂൺ 28 ന് മുസ്തഫ ദോസ ഹൃദയാഘാതം വന്ന് മരിച്ചു. അബൂസലീം, ഫിറോസ് ഖാൻ, താഹിർ മർച്ചന്റ്, കരിമുള്ളാ ഖാൻ, റിയാസ് അഹമ്മദ് സിദ്ദീഖി എന്നിവർക്കുള്ള ശിക്ഷയാണ് ഇന്ന് പ്രഖ്യാപിക്കുക.
പ്രതികൾക്കെതിരെ രാജ്യത്തിനെതിരെ യുദ്ധംചെയ്യൽ എന്ന കുറ്റം കോടതി എടുത്തുകളഞ്ഞിരുന്നു. മുഖ്യപ്രതികകളായ താഹിർ മർച്ചന്റ്, കരീമുള്ള ഖാൻ, ഫിറോസ്ഖാൻ എന്നിവർക്ക് യാക്കൂബ് മേനന് നൽകിയതുപോലെ വധശിക്ഷ തന്നെ നൽകണമെന്ന് സിബിഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ദീപക് സാൽവി ആവശ്യപ്പെട്ടു. അധോലോക ഭീകരനായ അബൂസലീമിന് ജീവപര്യന്തം നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയോട് അഭ്യർത്ഥിച്ചു. പോർച്ചുഗൽ പൗരനായ അബൂസലീമിനെ ഇന്ത്യയിലെത്തിക്കുമ്പോഴുണ്ടാക്കിയ ഉടമ്പടി പ്രകാരം വധ ശിക്ഷ നൽകാൻ സാധിക്കില്ല.
അതേസമയം പ്രതികൾക്ക് പത്തുവർഷത്തിൽ താഴെയുള്ള ശിക്ഷമാത്രമേ നൽകാവൂഎന്ന് പ്രതിഭാഗം കോടതിയോട് അപേക്ഷിച്ചു. 1993 മാർച്ച് പന്ത്രണ്ടിന് മുംബൈയിൽ 12 ഇടങ്ങളിലുണ്ടായ തുടർ സ്ഫോടങ്ങളിൽ 257 പേർ മരിക്കുകയും 713 പേർക്ക് പരിക്കേൽകുകയും ചെയ്തിരുന്നു. കേസിൽ 2015ൽ യാക്കൂബ് മേമനെ തൂക്കിലേറ്റി. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻമാരായ അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹീമും ടൈഗർ മേമനും ഇപ്പോഴും പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam