
രണ്ടിലധികം കുട്ടികളുണ്ടായാൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു എന്ന തരത്തിൽ വാർത്തകൾ വാട്ട്സ്ആപ്പ് ഫേസ്ബുക്ക് മാധ്യമങ്ങള്‍ വഴി കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൂന്നാമത്തെ കുട്ടി പിറന്നാൽ ഉടൻ പഞ്ചായത്തംഗം അയോഗ്യനാകുമെന്നും ഒരാളെ ദത്തുകൊടുത്താലും അയോഗ്യത ബാധകമാണെന്നും സുപ്രീം കോടതി വിധിച്ചതായാണ് വാർത്തകൾ പ്രചരിക്കുന്നത്.
എന്താണ് ഈ വാർത്തയുടെ സത്യാവസ്ഥ..?
മൂന്നാമതു കുട്ടിയുണ്ടായതിന്റെ പേരിൽ പഞ്ചായത്തംഗത്തെ അയോഗ്യനാക്കിയ ഒഡീഷ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവയ്ക്കുകയാണുണ്ടായത്. ഒഡീഷയിലെ ആദിവാസി സർപഞ്ച് മിനാസിംഗ് മാഞ്ജിയെ അയോഗ്യനാക്കിയ ഒഡീഷ ഹൈക്കോടതി ഉത്തരവിനെതിരേ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി.
പഞ്ചായത്ത് അംഗമായോ സർപഞ്ചായോ ചുമതലയിലിരിക്കേ മൂന്നാമത് കുട്ടിയുണ്ടായാൽ അയോഗ്യരാകുമെന്ന ഒഡീഷ പഞ്ചായത്തിരാജ് നിയമത്തിലെ വ്യവസ്ഥ അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതു സുപ്രീം കോടതിയും ശരിവയ്ക്കുകയായിരുന്നു. കൂടാതെ, ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് പ്രകാരം ഹൈക്കോടതി ഉത്തരവ് സാധുതയുള്ളതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
രണ്ട് കുട്ടികളിൽ കൂടുതലുള്ളവർ പഞ്ചായത്ത് അംഗമാകുകയോ ഏതെങ്കിലും പദവി വഹിക്കുകയോ ചെയ്യരുതെന്ന് ഒഡീഷ പഞ്ചായത്തിരാജ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും കേരളത്തിൽ ഈ നിയമ വ്യവസ്ഥ ബാധകമാക്കിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam