ഒറ്റപ്പാലം ആക്രമണം: രണ്ടു ആര്‍ എസ് എസുകാര്‍ കീഴടങ്ങി

By Web DeskFirst Published Jun 15, 2016, 10:28 PM IST
Highlights

പാലക്കാട്: കഴി‌ഞ്ഞ ദിവസം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടു ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കീഴടങ്ങി. ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷനിലാണ് പ്രതികള്‍ പിടിയിലായത്. ആര്‍ എസ് എസ് ജില്ലാ പ്രചാരകരായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്‌ണു, പാലക്കാട് വാടാനക്കുറിശ്ശി സ്വദേശി സുമേഷ് എന്നിവരാണ് ഇന്നു രാവിലെ കീഴടങ്ങിയത്. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. പ്രതികളുടെ വീടുകളില്‍ ഉള്‍പ്പടെ നിരന്തരം പരിശോധന നടത്തിയതോടെയാണ് വിഷ്‌ണുവും സുമേഷും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കേസിലെ മാധ്യമ ഇടപെടലും ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതിയാണ് തിരുവനന്തപുരം സ്വദേശിയും ആര്‍ എസ് എസ് ജില്ലാ പ്രചാരകുമായ വിഷ്‌ണു. സുമേഷ് കേസിലെ രണ്ടാം പ്രതിയാണ്. പ്രതികളെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും. ഒപ്പം ഇപ്പോള്‍ കസ്റ്റഡിയിലുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക്, മറ്റു കേസുകളിലുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍, ശ്യാം ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകരെ വളഞ്ഞുവെച്ചു മര്‍ദ്ദിച്ചത്. നെല്ലായിയില്‍ ആക്രമണം നടത്തിയ കേസിലെ പ്രതികളെ കോടതിയില്‍ എത്തിച്ച സമയത്താണ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അതിക്രമമുണ്ടായത്.

 

click me!