ഒരു ജോഡി ചെരിപ്പില്‍ നിന്ന് കൊലയാളിയിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെ

By Web DeskFirst Published Jun 15, 2016, 8:29 PM IST
Highlights

കൊച്ചി: കേരള പൊലീസിന്റെ ആത്മാർത്ഥതയും അന്വേഷണ മികവുമാണ് പ്രമാദമായ ജിഷ കൊലക്കേസിൽ കൊലയാളിയെ കണ്ടെത്താന്‍ കാരണമായത്. പ്രതിയുടെ ചെരിപ്പായിരുന്നു അന്വേഷണ സംഘത്തിന് ഏറെ സഹായകരമായത്. ജിഷ കൊല്ലപ്പെട്ടതിനുശേഷം പൊലീസിന്റെ ചില നടപടിക്രമങ്ങളിലുണ്ടായ വീഴ്ചകള്‍ കേരള പൊലീസ് ഇതുവരെയുണ്ടായിക്കിയിരുന്ന സൽപ്പേരിന് കളങ്കമായിരുന്നു. പക്ഷെ ഇതിനിടയിലും നിർണായകമായ ചില തെളിവുകള്‍ പൊലീസ് ശേഖരിച്ചതാണ് പ്രതിയെ കണ്ടെത്താൻ സഹായകരമായത്.

പ്രതിയുടെ ഉമനീര്‍ പുരണ്ട വസ്ത്രവും മുടിയും രക്തവുമെല്ലാം സ്ഥലത്തുനിന്നും ശേഖരിച്ചിരുന്നു. കനാലിൽ കിടന്ന പ്രതിയുടെ ചെരുപ്പ് കണ്ടെത്തി ജിഷയുടെ വീടിനു സമീപം പ്രദർശിപ്പിച്ചിരുന്നു. ഇതേ ചെരുപ്പു ധരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. പൊലീസിന്റെ നടപടിയെ പലരും പരിഹസിച്ചു. ചെരുപ്പിൽ പുരണ്ട ജിഷയുടെ രക്തം ഡിഎൻഎ പരിശോധനക്കായി ശേഖരിച്ചിരുന്നു. സൗമ്യക്കേസിൽ ഗോവിന്ദചാമിയെ പിടികൂടിയ സംഘത്തിലെ പൊലീസുകാരെ ആഴ്ചകൾക്കു മുമ്പാണ് പുതിയ അന്വേഷണ സംഘത്തിൽ ഉള്‍പ്പെടുത്തിയത്. ചെരുപ്പ് ഒരു പ്രധാന തുമ്പാക്കിയായിരുന്നു ഇവരുടെ അന്വേഷണം. ​പ്രതി അമിയൂർ ഉൾ ഇസ്ലാം താമസിക്കുന്ന വീട്ടിൽ പൊലീസ് ആദ്യം പരിശോധ നടത്തി.

ഇയാളുടെ മുറിയിൽ താമസിക്കുന്ന ഒരാളുടെ പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നി.  ഈ സുഹൃത്തിനെ തന്ത്രപൂർവ്വം വലയിലാക്കിയപ്പോഴാണ് കാര്യങ്ങള്‍ വേഗത്തിലായത്. ചെരുപ്പ് അമിയൂറിന്റെതാണെന്ന വിവരം ലഭിച്ചു. ചെരുപ്പ് വിറ്റ കടക്കാരനെയും കണ്ടെത്തി. കൊലപാതകത്തിനുശേശഷം  മുറിയിലെത്തി വേഷം  മാറിയ അമിയൂർ ആലുവയിൽ നിന്നുമാണ് അസമിലേക്ക് പോയതെന്ന് വ്യക്തമായി.  മദ്യപാനിയായ ഈ 23 വയസ്സുകാരന്  തന്നെക്കാള്‍ 10 വയസ്സ് മുതിർന്ന ഭാര്യയുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചു.

മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടർന്നു.കാഞ്ചിപുരത്തെ ഒരു കാർ കമ്പനിയിൽ പ്രതിയെത്തിയെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് ഡിവൈഎസ്‌പി സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തി. മൂന്നു ദിവസത്തെ ശ്രമത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡയിലെടുത്തത്.

ഭാഷയുടെ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനൊടുവില്‍ നാടിനെ നടുക്കിയ കൊലപാകം അയാള്‍ പൊലീസിനോട് വിവരിച്ചു. രഹസ്യമായി കൊച്ചിയിലെത്തിച്ച് ഡിഎൻഎ പരിശോധനക്കായി പ്രതിയുടെ രക്തവും ശേഖരിച്ച് അയച്ചു. അങ്ങനെ  പലരും പരിഹസിച്ച ഒരു തൊണ്ടിയാണ് രാജ്യത്തെതന്നെ നടുക്കിയ കൊലക്കേസിലെ പ്രതിയിലേക്ക് എത്താൻ കേരളാ പൊലീസിന് സഹായകരമായത്.

click me!