
ദില്ലി: നമ്പി നാരായണന്‍റെ 22 വർഷം നീണ്ട നിയമപോരാട്ടത്തിൽ നിർണ്ണായകമാണ് ഇന്നത്തെ സുപ്രീംകോടതി വിധി. അതേസമയം അന്തിമ വിജയത്തിന് അദ്ദേഹം ഇനിയും കാത്തിരിക്കേണ്ടിവരും. 1996 ൽ സിബിഐ ചാരക്കേസ് എഴുതിത്തള്ളിയതുമുതൽ തുടങ്ങിയതാണ് നമ്പി നാരായണന്‍റെ ഒറ്റയാൾ പോരാട്ടം. സിബിഐ എഴതുത്തള്ളിയ കേസ് സംസ്ഥാന സർക്കാർ വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചതിന് എതിരെയായിരുന്നു അദ്യ യുദ്ധം. സെൻ കുമാറിന്‍റെ നേതൃത്വത്തിൽ തുടങ്ങിയ പുനരന്വേഷണം സുപ്രീംകോടതി വരെ പോയി റദ്ദാക്കി.
തന്നെ അറസ്റ്റ് ചെയ്തവർക്ക് എതിരെ നടപടിയായിരുന്നു അടുത്ത ലക്ഷ്യം. പറ്റില്ലെന്ന് സർക്കാർ തീർത്തുപറഞ്ഞതോടെ വീണ്ടും കോടതിയിലേക്ക്. വർഷങ്ങളുടെ നിയമപോരാട്ടത്തിന് ശേഷം ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ തീരുമാനം അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഹർജി തള്ളി. അപ്പോഴേക്കും നമ്പി നാരായണ്‍റെ നിയമപോരാട്ടത്തിന് പ്രായം 18 വയസ് തികഞ്ഞു.
വീണ്ടും സുപ്രീം കോടതിയെ സമീപിച്ച നമ്പി നാരായണന്‍ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ പ്രോസിക്യൂഷൻ വേണമെന്നതും നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നതും തൽക്കാലം അംഗീകരിച്ചില്ലെങ്കിലും ചാരക്കേസിൽ നടന്നത് വിശദമായി പരിശോധിക്കാൻ സമിതിയെ നിയമിച്ചത് നേട്ടമായി. അതിന് ശേഷം അടുത്ത അങ്കത്തിന് സാധ്യത നിരവധി. തീരുമാനം വൈകുമോ എന്നതിൽ മാത്രമാണ് നമ്പി നാരായാണന് ആശങ്ക.
കൂട്ടുപ്രതികളെല്ലാം, കേസിൽ നിന്ന് രക്ഷപെട്ടതിൽ ആശ്വസിച്ചപ്പോഴാണ് നമ്പി നാരായാണൻ നിയമപോരാട്ടത്തിന് ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത്. രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം നമ്പി നാരായണൻ മാത്രം തലഉയർത്തി നിൽക്കുന്നതും അതുകൊണ്ടാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam