കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന  ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭ്യമായെന്ന് മന്ത്രി അറിയിച്ചു.

കോഴിക്കോട്: മലയോര ജനതയുടെ ചിരകാല സ്വപ്‌നമായ വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭിച്ചു. ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ഫൈനൽ ക്ലിയറൻസാണ് ഇപ്പോൾ ലഭ്യമായിരിക്കുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന കേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭ്യമായിരിക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. താമരശ്ശേരി ചുരത്തിന് ബദലായി കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്നതാണ് ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മാണോദ്ഘാടനം എന്ന പേരില്‍ പ്രോജക്ട് ലോഞ്ചിംഗ് നടത്തിയെങ്കിലും പിന്നെയും അഞ്ച് വര്‍ങ്ങള്‍ കഴിഞ്ഞാണ് തുരങ്ക പാത നിര്‍മാണത്തിനുളള തടസങ്ങള്‍ നീങ്ങിയത്. ചുരം യാത്രയേക്കാള്‍ ദുഷ്കരമായ കടമ്പയായിരുന്നു തുരങ്കപാത നിര്‍മാണത്തിന് അനുമതി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോൾ തുരങ്കപാത പദ്ധതിയുടെ സര്‍വേ നടത്താൻ രണ്ട് കോടി രൂപ നീക്കിവച്ചു. പിന്നീട് പദ്ധതി മുന്നോട്ട് പോയില്ല. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൈവന്നു. പദ്ധതിയുടെ വിശദമായ സര്‍വേയ്ക്കായി വീണ്ടും 10 കോടി രൂപ പിണറായി സർക്കാർ അനുവദിച്ചു. പരിസ്ഥിതി അനുമതിയുടെ കാര്യത്തിൽ പിന്നെയും നടപടികള്‍ നീണ്ടു നീണ്ടുപോയി.

പാത കടന്നുപോകുന്ന പ്രദേശത്തിന്‍റെ ജൈവ വൈവിധ്യവും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശമെന്ന ഭീഷണിയും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചുന്നയിച്ചു. മറിപ്പുഴയ്ക്ക് സമീപം വനപ്രദേശത്ത് 2022ല്‍ ഉരുള്‍പൊട്ടി. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ സൃഷ്ടിച്ച നടുക്കം കൂടിയായതോടെ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന ആവശ്യത്തിനും ശക്തിയേറി. ഒടുവില്‍ കര്‍ശന ഉപാധികളോടെ സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി. പ്രദേശത്തിന്‍റെ ഭൂപ്രകൃതിക്കോ ജൈവ വൈവിധ്യത്തിനോ നാശം വരുത്തരുതെന്ന ഉപാധികള്‍ മുന്നോട്ടുവച്ചാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പരിസ്ഥിതി ആഘാത സമിതി പദ്ധതിക്ക് അന്തിമ അനുമതി നല്‍കിയത്. കിഫ്ബിയുടെ ധനസഹായത്താൽ 2134 കോടി രൂപയുടെ മുതൽമുടക്കിലാണ് തുരങ്കപാത നിർമിക്കുന്നത്. ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കുന്നത്.