രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മുംബൈ ഭീകരാക്രമണത്തിന് 8

By Web DeskFirst Published Nov 26, 2016, 1:54 AM IST
Highlights

മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ്മകൾക്ക് ഇന്ന് ഏട്ട് വയസ്സ്. 2008 നവംബര്‍ 26ന് ആരംഭിച്ച ഭീകരാക്രമണം മൂന്നുദിവസമാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. 2008 നവംബർ 26 ഒരു ബുധനാഴ്ച്ചയായിരുന്നു. എന്നാൽ ഓർമ്മയുടെ കലണ്ടറിൽ ഇതിന് ചുവപ്പാണ് നിറം. 166 ലധികം ജീവനുകളുടെ ചോരയുടെ നിറം.

മുബൈയിലെ കൊളാബയിൽ വന്നിറങ്ങിയ 10 പാക്ഭീകരർ മുംബൈ നഗരത്തെ വെടിയുണ്ടകള്‍ വര്‍ഷിച്ച് വിറപ്പിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷനും വൻകിട ഹോട്ടലുകളുമായിരുന്നു അവരുടെ ലക്ഷ്യം. ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, നരിമാന്‍ പോയന്റിലെ ഹോട്ടൽ  ഒബ്‌റോയി ട്രിഡന്റ്, കൊളാബയിലെ താജ് ഹോട്ടൽ തുടങ്ങിയ സ്ഥലങ്ങൾ ഭീകരർ രക്തക്കളമാക്കി.കണ്ണിൽക്കണ്ടവരെയെല്ലാം വെടിവച്ചിട്ടു. മൂന്ന് ദിവസം നീണ്ട ഏറ്റുമുട്ടലിൽ അജ്മൽ കസബൊഴികെയുള്ള എല്ലാ ഭീകരരെയും സുരക്ഷാ സേന വധിച്ചു.

പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിനടുത്ത കാമ ഹോസ്പിറ്റലില്‍ നടന്ന വെടിവെപ്പില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിലെ  ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടു. ദേശീയ സുരക്ഷാസേന കമാന്‍ഡോ മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍, വിജയ സലസ്ക്കർ തുടങ്ങിയ ചുണക്കുട്ടികളെ സുരക്ഷാ സേനയ്ക്കും പൊലീസിനും നഷ്ടമായി. പിടിയിലായ  ലഷ്‌കര്‍ ഭീകരന്‍ മൊഹമ്മദ് അജ്മൽ അമീര്‍ കസബിനെ വിചാരണയ്ക്കുശേഷം തൂക്കിലേറ്റി.

ഭീതിയുടെ നിഴലിൽ നിന്ന് മഹാനഗരം ഇന്ന് ഉയിർത്തെഴുന്നേറ്റു കഴിഞ്ഞു. ചോര കിനിയുന്ന ഓർമ്മയുടെ നോവിൽ പല ഭാഗങ്ങളിലായി എത്രയോ കുടുംബങ്ങൾ വിലപിക്കുന്നുണ്ട്. എങ്കിലും ഈ ജനതയ്ക്ക് മുന്നോട്ടു പോയേ തീരൂ. മുഖമോ മതമോ രാജ്യാതിർത്തിയോ ഇല്ലാത്ത ഭീകരതയ്ക്കെതിരെ ജാഗരൂകരായി ഉണർന്നിരിക്കുന്നു ഈ ജനത.

 

click me!