യൂട്യൂബിൽ നോക്കി പ്രസവം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

By Web TeamFirst Published Jul 26, 2018, 7:22 PM IST
Highlights

മരണം യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടിൽവച്ച് പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ

തിരുപ്പൂര്‍: യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടിൽവച്ച് പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു. പ്രസവത്തിനിടെയുണ്ടായ രക്തസ്രാവമാണു മരണകാരണം. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഞായറാഴ്ചയാണ് നാടിനെ കണ്ണീരിലാഴ്‍ത്തിയ സംഭവം നടന്നത്. സ്‌കൂള്‍ അധ്യാപികയും മൂന്ന് വയസ്സുകാരിയുടെ അമ്മയുമായ കെ.കൃതിക(28) ആണ് മരണപ്പെട്ടത്.

സുഹൃത്തുക്കളായ ​പ്രവീണിന്റെയും ലാവണ്യയുടെയും നിര്‍ദ്ദേശപ്രകാരം പ്രകൃതിചികിത്സാ രീതിയാണ് കൃതികയും ഭര്‍ത്താവ് കാര്‍ത്തികേയനും പിന്തുടര്‍ന്നിരുന്നത്. അതുകൊണ്ടുതന്നെ തന്നെ ഗര്‍ഭിണിയായ വിവരം സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൃതിക രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ആശുപത്രിയില്‍ പോവുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ത്തന്നെ പ്രസവിക്കുകയാണെന്ന് നിർ​ദ്ദേശം ലഭിച്ചതുപ്രകാരം ദമ്പതികള്‍ അത്തരത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് യൂട്യൂബില്‍ 'How To' വീഡിയോയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൃതിക പ്രസവത്തിന് തയ്യാറെടുക്കുകയായിരുന്നു. എന്നാൽ പ്രസവമെടുക്കുന്നതിനിടെ അമിത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് കൃതികയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 2 മണിക്ക് അപകടം സംഭവിച്ചെങ്കിലും കുട്ടി പിറന്നതിനുശേഷം മാത്രമാണ് കൃതികയെ ആശുപത്രിയിൽ എത്തിച്ചതെന്ന് നല്ലൂർ പൊലീസ് പറഞ്ഞു. സംഭവത്തിൽ ഭർത്താവ് കാര്‍ത്തികേയനെതിരെ പൊലീസ് കേസെടുത്തു. പ്രകൃതി ചികിത്സാ മാര്‍ഗം പിന്തുടരാൻ നിർ​ദേശിക്കുകയും വീട്ടിൽനിന്നും മുൻകരുതലുകൾ ഇല്ലാതെ പ്രസവമെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതിന് പ്രവീണിനും ലാവണ്യയ്ക്കുമെതിരെ സിറ്റി ഹെല്‍ത്ത് ഓഫീസര്‍ കെ.ഭൂപതി പൊലീസിൽ പരാതി നൽകി.

click me!