
ലക്നൗ: പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും വെടിവെച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരൺ, ഗോലു, മുകേഷ് എന്നിവരാണ് പിടിയിലായത്. സന്ദീപ്, രോഹിത് എന്നിവർക്കെതിരെ ഇരയായ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകുകയും ചെയ്തിട്ടുണ്ടെന്ന് റൂറൽ പൊലീസ് സൂപ്രണ്ട് സതീഷ് കുമാർ പറഞ്ഞു. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന യു.പിയിലെ സംഭവ പരമ്പരകളിലെ ഒടുവിലത്തേതാണ് ഇത്. മൂക്കിൽ പരിക്കേറ്റ യുവതിയുടെ നില ഗുരുതരമല്ല. ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രാഥമിക കൃത്യം നിർവഹിക്കാനായി ലക്നോവിന്റെ പ്രാന്തപ്രദേശമായ മലിഹാബാദ് വില്ലേജിലെ വീടിന് പുറത്തിറങ്ങിയതായിരുന്നു യുവതി.
വീട്ടിൽ തന്നെ ടോയ്ലറ്റ് സ്ഥാപിക്കാൻ സർക്കാർ നിർബന്ധിക്കുമ്പോഴും ദശലക്ഷക്കണക്കിന് പേർ തുറസായ സ്ഥലത്ത് പ്രാഥമിക കൃത്യം നിർവഹിക്കുകയും അതുവഴി ലൈംഗിക അതിക്രമങ്ങൾക്ക് വഴിവെക്കുന്നതായും പൊലീസ് പറയുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ ആന്‍റി റോമിയോ സ്ക്വാഡ് പ്രവർത്തനം സ്ഥിതിഗതികൾ നേരിയ തോതിൽ മാറ്റംവരുത്താൻ ഇടയാക്കിയിരുന്നു.
ഒടുവിലത്തെ സംഭവത്തിൽ സന്ദീപ് തന്നെ കൂട്ട മാനഭംഗത്തിന് വിധേയനാക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഇരയായ പെൺകുട്ടിയുടെ സഹോദരനൊപ്പം സന്ദീപിന്റെെ സഹോദരി ഒളിച്ചോടിയതിലുള്ള പ്രതികാരം എന്ന നിലയിലാണ് ഇയാളുടെ കൃത്യം എന്നാണ് പൊലീസ് ഭാഷ്യം. വെടിയൊച്ച കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മകൾ ചോരവാർന്ന നിലയിൽ വീട്ടിൽ നിന്ന് 100 മീറ്റർ അകലെ കിടക്കുന്നതായി കണ്ടതെന്ന് അച്ഛൻ പറയുന്നു.
ബൽറാംപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റി ട്രോമകെയറിലേക്ക് മാറ്റി. സംഭവം താൻ പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് പ്രതികളിൽ ഒരാൾ തനിക്ക് നേരെ വെടിയുതിർത്തതെന്ന് യുവതി മൊഴി നൽകി. കൂട്ടമാനഭംഗത്തിനും കൊലപാതക ശ്രമത്തിനുമാണ് പൊലീസ് കേസെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam