
ഉത്തർപ്രദേശ്: സംസ്ഥാന മുഖ്യമന്ത്രി യോഗി ആതിദ്യനാഥിന്‍റെ പ്രഖ്യാപനത്തിൽ മതിമറന്നിരിക്കുകയായിരുന്നു മംമറിജ്പുറിലെ ചെറുകിട കർഷകനായ അശ്വിനികുമാർ. അധികാരത്തിൽ വന്ന് ഒരു മാസം കഴിഞ്ഞ് നടത്തിയ പ്രഖ്യാപനത്തിൽ ചെറുകിട കർഷകരുടെ വായ്പകൾ എഴുതിതള്ളുമെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. തന്‍റെ 78070 രൂപയുടെ വായ്പ എഴുതിതള്ളാനായി സർക്കാർ പട്ടികയിൽ പേര് വരാനുളള നിർദേശപ്രകാരം അശ്വിനികുമാർ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ നൽകി. മാസങ്ങൾ കഴിഞ്ഞപ്പോഴാണ് അശ്വനികുമാർ ശരിക്കും ഞെട്ടിയത്. തന്‍റെ വായ്പയിൽ നിന്ന് സർക്കാർ എഴുതിതള്ളിയത് 35 പൈസ മാത്രം.
പ്രാദേശിക പത്രപ്രവർത്തകനിൽ നിന്ന് വിവരം അറിഞ്ഞ ഇയാൾ അടുത്ത ദിവസം ബാങ്കിൽ എത്തി വിവരം ശരിയാണെന്ന് ഉറപ്പാക്കി. ആദ്യഘട്ടത്തിൽ 11 ലക്ഷത്തിൽ അധികം കർഷകരുടെ 360000 കോടി രൂപയുടെ വായ്പ എഴുതി തള്ളുന്ന സർക്കാർ പദ്ധതിയുടെ ഒരു ഗുണഭോക്താവാണ് ഇൗ കർഷകൻ. മൊത്തം 1193224 കർഷകരുടെ വായ്പ എഴുതി തള്ളുന്ന പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങും സർക്കാർ നടത്തി കഴിഞ്ഞു.
തുച്ഛമായ തുകയാണ് പല കർഷകരുടെതും എഴുതി തള്ളാൻ സർക്കാർ തയാറായത്. ഇത് താൻ യോഗിയുടെ സർക്കാറിൽ നിന്ന് പ്രതീക്ഷിച്ചില്ലെന്നാണ് അശ്വിനികുമാർ പറയുന്നത്. കീടങ്ങളുടെ ആക്രമണത്തിൽ കൃഷി നാശത്തിന്റെ വക്കിലുമാണ്. എങ്ങനെ വായ്പ തിരിച്ചടക്കുമെന്ന് ഇയാൾക്ക് അറിയില്ല. വായ്പ എഴുതിതള്ളൽ പ്രഖ്യാപനം നടപ്പിൽ വന്നപ്പോൾ കർഷകർക്ക് മോഹഭംഗം മാത്രമാണ് സമ്മാനിച്ചതെന്നാണ് കർഷകർ തന്നെ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam