പാകിസ്ഥാന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ അമേരിക്ക പിന്തുണച്ചപ്പോൾ, സംഘർഷം ലഘൂകരിക്കാൻ യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഇതിനിടെ പാക് വിമാനം വെടിവെച്ചിട്ടെന്ന താലിബാന്റെ വാദം പാകിസ്ഥാൻ തള്ളി.
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ ദിവസങ്ങൾ നീണ്ടുനിന്ന വ്യോമാക്രമണങ്ങളിൽ 300 ലധികം അഫ്ഗാൻ സൈനികരെ വധിച്ചതായി പാകിസ്ഥാന്റെ അവകാശവാദം. പീരങ്കികളുടെയും വ്യോമസേനയുടെയും പിന്തുണയോടെ പാകിസ്ഥാൻ സൈന്യം രാത്രി മുഴുവൻ അഫ്ഗാനിസ്ഥാനിലെ കൂടുതൽ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചെന്നും ശനിയാഴ്ച പുലർച്ചെ വരെ നീണ്ടുനിന്ന അതിർത്തി ഏറ്റുമുട്ടലുകളിൽ 300ലധികം അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായും സർക്കാർ വക്താവും ഉദ്യോഗസ്ഥരും പറഞ്ഞു. ഇതിനിടെ അഫ്ഗാൻ താലിബാൻ സർക്കാരിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള പാകിസ്ഥാന്റെ അവകാശത്തെ പിന്തുണയ്ക്കുന്നതായി അമേരിക്ക അറിയിച്ചു.
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. അതിർത്തി കടന്നുള്ള ആക്രമണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളും ഉൾപ്പെടെ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും അക്രമങ്ങൾ കുത്തനെ വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. ഇത് മേഖലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിലേയ്ക്ക് വഴിയൊരുക്കും. എല്ലാ പങ്കാളികളോടും ഉടനടി സംഘർഷം കുറയ്ക്കാനും ശത്രുത അവസാനിപ്പിക്കാനും അഭ്യർത്ഥിക്കുകയാണെന്ന് യൂറോപ്യൻ യൂണിയന്റെ വിദേശ നയ മേധാവി കാജ കല്ലാസ് പ്രസ്താവനയിൽ പറഞ്ഞു.
ഇതിനിടെ ജലാലാബാദിൽ പാകിസ്ഥാന്റെ പോർവിമാനം വെടിവെച്ചിട്ടെന്നും പാക് പൈലറ്റിനെ പിടികൂടിയെന്നും താലിബാൻ അറിയിച്ചു. എന്നാൽ, താലിബാന്റെ അവകാശവാദം പാകിസ്ഥാൻ പൂർണമായി തള്ളി. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ ശനിയാഴ്ച രാവിലെ രണ്ട് വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മറ്റ് അഫ്ഗാൻ നഗരങ്ങളിൽ പാകിസ്ഥാന്റെ വ്യോമാക്രമണം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ജലാലാബാദിൽ സ്ഫോടനങ്ങൾ ഉണ്ടായിരിക്കുന്നത്.


