പ്രളയദുരിതത്തില്‍ കേരളം; മഴക്കെടുതിയില്‍ മരണം 37 ആയി

By Web TeamFirst Published Aug 16, 2018, 6:02 AM IST
Highlights

ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമാണ് നിരവധിപേർക്ക് ജീവൻ നഷ്ടമായത്. ഇരാറ്റുപേട്ടയില്‍ മണ്ണിടിഞ്ഞ് വീണ് നാല് പേര്‍ മരണപ്പെട്ടതാണ് ഏറ്റവും അവസാനമുണ്ടായ ദുരന്തം

തിരുവനന്തപുരം:  സംസ്ഥാനത്ത് കനത്ത മഴയിലും തുടര്‍ന്നുണ്ടായ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 37 പേരാണ് മരണപ്പെട്ടത്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമാണ് നിരവധിപേർക്ക് ജീവൻ നഷ്ടമായത്. പ്രളയത്തില്‍ അകപ്പെട്ട് നിരവധിപേരെ കാണാതായിട്ടുണ്ട്. ഞായറാഴ്ച വരെ മഴ തുടരാനിടയുള്ള സാഹചര്യത്തിൽ സംസ്ഥാനമൊട്ടാകെ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

ഇരാറ്റുപേട്ടയില്‍ മണ്ണിടിഞ്ഞ് വീണ് നാല് പേര്‍ മരണപ്പെട്ടതാണ് ഏറ്റവും അവസാനമായി റിപ്പോര്‍ട്ട് ചെയ്ത ദുരന്തം. ഈരാറ്റുപേട്ട തീക്കോയിക്ക് സമീപം വെള്ളിക്കുളം ടൗണിലുണ്ടായ ഉരുപൊട്ടലില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പ്രദേശത്ത് മഴയും മണ്ണിടിച്ചിലും തുടരുന്നുണ്ട്. നരിമാറ്റത്തില്‍ കൊട്ടിരിക്കല്‍ മാമി (85), അല്‍ഫോന്‍സ (11), മോളി (49), ടിന്റു (7) എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  ചിറ്റാറിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായ ഒരാളുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. ചിറ്റാർ മോടീൽ അശോകന്‍റെ മൃതദേഹമാണ് കണ്ടെടുത്തത്. 

തൃശ്ശൂര്‍ വെറ്റിലപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍  ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ പൂമലയില്‍ മണ്ണിടിച്ചിലില്‍ വീടുതകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. മലവായ് സ്വദേശികളായ അജീഷ്, ഷിജോ എന്നിവരാണ് മരിച്ചത്. കോഴിക്കോട് തിരുവമ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കല്‍പിനിയില്‍ വീടുതകര്‍ന്ന് ഒരു കുട്ടി മരിച്ചു. രക്ഷപ്പെടുത്തിയ അഞ്ചുപേരില്‍ രണ്ടാളുടെ നില ഗുരുതരം. കല്‍പിനി പൂര്‍ണമായും ഒറ്റപ്പെട്ടു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല.  മലപ്പുറം തിരൂർക്കാടിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് ഇതര സംസ്ഥാനതൊഴിലാളി മരിച്ചു. തിരുവല്ല എടത്വയിൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോയയാൾ വെള്ളക്കെട്ടിൽ വീണുമരിച്ചു. ഇടുക്കിയിൽ രണ്ടിടത്തായി ഉണ്ടായ ഉരുൾപൊട്ടലുകളിൽ അഞ്ച് പേരാണ് മരിച്ചത്.

നെടുങ്കണ്ടം, ഗാന്ധിനഗർ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. നെടുങ്കണ്ടം പച്ചടി പത്തുവളവിൽ ഉരുൾപൊട്ടി 3 പേർക്കാണ് ജീവൻ നഷ്ടമായത്. പീറ്റർ, റോസമ്മ, ജോളി എന്നിവരാണ് ഇവിടെ മരിച്ചത്. ഗാന്ധിനഗറിലെ  ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ട് രണ്ട് സ്ത്രീകൾ മരിച്ചു. പൊന്നമ്മ, കലാവതി എന്നിവരാണ് മരിച്ചത് . മൂന്ന് കുട്ടികൾ അടക്കം നാല് പേരെ കാണാനില്ല. ഇവർക്കായുള്ള തെരച്ചിൽ തുടരുന്നു. കനത്ത മഴയിലും മണ്ണിടിച്ചിലിലും ഇന്നലെ  മലപ്പുറം കൊണ്ടോട്ടിയിൽ മാത്രം രണ്ട് അപകടങ്ങളിലായി 10 പേരാണ് മരിച്ചത്. വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണായിരുന്നു അപകടങ്ങൾ. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കൊണ്ടോട്ടി ചെറുകാവിനടുത്ത് കൊടപ്രത്ത് അസ്കറിന്‍റെ ഇരുനില വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അസ്കറും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. രാവിലെയോടെ വീടിന് പിന്നിൽ ചെറിയ മണ്ണിടിച്ചിലുണ്ടായി. ഇത് കണ്ട് കോഴിക്കൂട് മാറ്റാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. തുടർന്നുണ്ടായ വലിയ മണ്ണിടിച്ചിലിൽ എല്ലാവരും മണ്ണിനടിയിൽപെട്ടു. ഉടൻ തെരച്ചിൽ തുടങ്ങിയെങ്കിലും എത്ര പേർ കുടുങ്ങിയെന്നോ, എത്ര പേരെ ഇനി പുറത്തെത്തിക്കാനുണ്ടെന്നോ തെരച്ചിൽ സംഘത്തിന് ഒരു സൂചനയുമുണ്ടായിരുന്നില്ല.

അരമണിക്കൂറിനകം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബാവ എന്ന് വിളിക്കുന്ന മുഹമ്മദലിയെ ജീവനോടെ കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബാക്കി മൃതദേഹങ്ങൾ കണ്ടെത്തിയത്. വീട്ടുടമ അസ്കറിന്‍റെ സഹോദരൻ ബഷീർ, ബഷീറിന്‍റെ മകൻ മുഷ്ഫിക്, അസ്കറിന്‍റെ സഹോദരഭാര്യ ഹൈറുന്നിസ, അയൽവാസികളായ മുഹമ്മദലി, മക്കളായ സഫ്‍വാൻ, ഇർഫാൻ അലി, അയൽവാസികളായ മൂസ ഇല്ലിപ്പുറത്ത്, സാബിറ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മുഹമ്മദലി കോഴിക്കോട് മെഡി.കോളേജാശുപത്രിയിൽ ചികിത്സയിലാണ്.

click me!