
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ തുടരുന്ന ആശങ്കകൾക്കിടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് പുറപ്പെടേണ്ട 18 വിമാനങ്ങൾ റദ്ദാക്കി. തിരുവനന്തപുരത്തേക്ക് എത്തേണ്ട 19 വിമാനങ്ങളും റദ്ദാക്കി. ആകെ 37 വിമാനങ്ങളാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റദ്ദാക്കിയത്. അതേസമയം സൗദി എയർലൈൻസിന്റെ റിയാദ് വിമാനം കോഴിക്കോട് എത്തി. ഗൾഫ് മേഖലയിലെ പ്രശ്നം തുടങ്ങിയ ശേഷം ആദ്യം എത്തുന്ന വിമാനമാണിത്.
സുരക്ഷാ കാരണങ്ങളാൽ ശനിയാഴ്ച മാത്രം 410 വിമാന സർവീസുകൾ റദ്ദാക്കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഞായറാഴ്ച 444 വിമാനങ്ങൾ കൂടി റദ്ദാക്കിയേക്കും. മേഖലയിലെ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകളും പൂർണ്ണമായും തടസപ്പെട്ടിരിക്കുകയാണ്. യുദ്ധം രൂക്ഷമായതോടെ എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. ഇന്ത്യയിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പാതിവഴിയിൽ നിന്ന് തിരിച്ചിറക്കി. പശ്ചിമേഷ്യൻ രാജ്യങ്ങളിലൂടെയും പേർഷ്യൻ ഗൾഫ് മേഖലയിലൂടെയുമുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കർശന നിർദ്ദേശം നൽകി. സിറിയൻ, യെമൻ വ്യോമപാതകൾ നേരത്തെ തന്നെ അപകടമേഖലയായി പ്രഖ്യാപിച്ചിരുന്നു.
യാത്രക്കാരുടെ ചെലവുകൾ വഹിക്കും
യുഎഇയിലെ വ്യോമയാന മേഖലയിലെ പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രധാനപ്പെട്ട ഒരു അറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളില്‍ ഇരുപതിനായിരം യാത്രക്കാര്‍ക്ക് ഇത്തരത്തിൽ സഹായം നൽകിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് താൽക്കാലിക താമസ സൗകര്യം, ഭക്ഷണം, ലഘുഭക്ഷണം എന്നിവ നൽകുന്നതിനൊപ്പം ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.
യുഎഇയിലേക്ക് എത്തിയ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചു. മറ്റ് രാജ്യങ്ങളിലേക്ക് പോകേണ്ട ട്രാൻസിറ്റ് യാത്രക്കാര്‍ക്ക് താൽക്കാലിക താമസ സൗകര്യവും ഭക്ഷണവും മറ്റും നൽകി. സാഹചര്യങ്ങൾ അനുകൂലമാകുന്ന മുറയ്ക്ക് വിമാന സർവീസുകള്‍ പുനരാരംഭിക്കുമെന്നും ഇക്കാര്യത്തില്‍ വിമാനത്താവളങ്ങളും എയർലൈനുകളുമായും ബന്ധപ്പെട്ട് വരികയാണെന്നും യാത്രക്കാര്‍ ഔദ്യോഗിക പ്ലാറ്റ്‍ഫോമുകള്‍ പിന്തുടരണമെന്നും വിമാനങ്ങളുടെ സമയമാറ്റത്തെ കുറിച്ച് അറിയാൻ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. വിമാനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടാനും മുടങ്ങിയ സർവീസുകൾ വേഗത്തിൽ പുനഃക്രമീകരിക്കാനും ദേശീയ വിമാനക്കമ്പനികളുമായി ചേർന്ന് അതോറിറ്റി പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam