തമിഴ്നാട്ടില്‍ നിന്നുള്ള 45 സ്ത്രീകള്‍ ഇന്ന് ശബരിമലയിലേക്ക് തിരിക്കും

By Web TeamFirst Published Dec 22, 2018, 6:39 AM IST
Highlights

പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച് പമ്പയിലേക്ക് പോകാനാണ് തീരുമാനം. പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും പൊലീസ് സുരക്ഷയില്‍ ശബരിമലയില്‍ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മനിതി സംഘടനാ പ്രവര്‍ത്തക സെല്‍വി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ചെന്നെെ: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകള്‍ ഇന്ന് വൈകിട്ടോടെ ശബരിമലയിലേക്ക് തിരിക്കും. പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച് പമ്പയിലേക്ക് പോകാനാണ് തീരുമാനം. പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും പൊലീസ് സുരക്ഷയില്‍ ശബരിമലയില്‍ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മനിതി സംഘടനാ പ്രവര്‍ത്തക സെല്‍വി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചെന്നൈയില്‍ നിന്ന് ഒമ്പത് പേരും മധുരയില്‍ നിന്ന് രണ്ട് യുവതികളും ഉള്‍പ്പെട്ട സംഘം ഇന്ന് വൈകിട്ടോടെ ട്രെയിന്‍ മാര്‍ഗം കോട്ടയത്തേക്ക് തിരിക്കും. ഒഡീഷയില്‍ നിന്ന് അഞ്ച് യുവതികളും ഛത്തീസ്ഗഡില്‍ നിന്ന് ഒരു യുവതിയും ഇന്നലെ രാത്രി യാത്ര തുടങ്ങിയിട്ടുണ്ട്.

കര്‍ണാടകയില്‍ നിന്നുള്ള ഒരു സംഘം ബസ്സിലാണ് കോട്ടയത്തേക്ക് എത്തുക. വയനാട്ടില്‍ നിന്നടക്കം ഇരുപത്തിയഞ്ചോളം യുവതികള്‍ ഞയറാഴ്ച്ച രാവിലെ എട്ട് മണിയോടെ കോട്ടയത്ത് എത്തിചേരുമെന്നും മനിതി സംഘടനാ കോര്‍ഡിനേറ്റര്‍ പറഞ്ഞു. ചിലര്‍ അഞ്ച് ദിവസത്തെ വൃതമെടുത്ത് കെട്ടുനിറച്ചാണ് എത്തുന്നത്.

മറ്റുള്ളവര്‍ പമ്പയില്‍ വച്ച് മാലയിടും. ആക്ടിവിസ്റ്റുകളായിട്ടല്ല അയപ്പഭക്തരായിട്ടാണ് സന്നിധാനത്തേക്ക് സംഘം പോകുന്നതെന്നും മനിതി സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് അയച്ച ഇ-മെയിലിന് അനുകൂല മറുപടി ലഭിച്ചതിന്‍റെ ആശ്വാസത്തിലാണിവര്‍ ശബരിമലയിയിലെത്തുന്നത്. 

click me!