കെഎസ്ആര്‍ടിസിയിലെ പിരിച്ചുവിടല്‍; ഇന്നും സര്‍വീസുകള്‍ തടസപ്പെടും

By Web TeamFirst Published Dec 22, 2018, 6:22 AM IST
Highlights

ജോലിയില്‍ പ്രവേശിക്കുന്നവര്‍ അവധിയെടുത്ത് പോകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രതിസന്ധി കണക്കിലെടുത്ത് എല്ലാവരും സഹകരിക്കണമെന്നും എംഡി ടോമിന്‍ തച്ചങ്കരി അഭ്യര്‍ത്ഥിച്ചു. 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട ശേഷമുള്ള പ്രതിസന്ധി തുടരുന്നു. ഇന്നും ആയിരത്തോളം ബസ് സര്‍വ്വീസ് തടസ്സപ്പെട്ടേക്കും. ഇന്നലെ 998 സർവ്വീസുകളാണ് സംസ്ഥാനത്ത് മുടങ്ങിയത്. പിഎസ്‍സി ലിസ്റ്റില്‍ നിന്ന് നിയമനം കിട്ടിയ കണ്ടക്ടര്‍മാര്‍ക്കുള്ള പരിശീലനം അതത് ഡിപ്പോകളില്‍ നടക്കും.

പരിശീലനത്തിനു ശേഷം ഇവരെ എത്രയും പെട്ടെന്ന് ബസുകളിലേക്ക് നിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് ഒരു മാസത്തേക്ക് താത്കാലിക ലൈസന്‍സ് അനുവദിക്കും. ജോലിയില്‍ പ്രവേശിക്കുന്നവര്‍ അവധിയെടുത്ത് പോകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രതിസന്ധി കണക്കിലെടുത്ത് എല്ലാവരും സഹകരിക്കണമെന്നും എംഡി ടോമിന്‍ തച്ചങ്കരി അഭ്യര്‍ത്ഥിച്ചു. 

തിരുവനന്തപുരം മേഖലയില്‍ 350 സര്‍വീസും എറണാകുളം മേഖലയില്‍ 448 സര്‍വീസും കോഴിക്കോട് മേഖലയില്‍ 104 സര്‍വീസുമാണ് ഇന്നലെ റദ്ദാക്കിയത്. താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെയാണ് ഇത്രയധികം സര്‍വ്വീസുകള്‍ ഇന്നലെ മുടങ്ങിയത്.

അതേസമയം, പിരിച്ചുവിട്ടവർക്ക് പകരമായി ഹൈക്കോടതി നിർദ്ദേശപ്രകാരം പിഎസ്‍സി നിയമന ഉത്തരവ് കിട്ടിയ 4,051 കണ്ടക്ടമാർരെയാണ് നിയമിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ രണ്ട് ദിവസം കൂടി എടുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. എം പാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ചിനോട് നിഷേധാത്മക നിലപാടില്ല. അവര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

click me!