
സിഡ്നി:∙ ഓസ്ട്രേലിയയില്‍ സ്‌ട്രോബറിപഴങ്ങളിൽ നിന്നും വ്യാപകമായി തയ്യൽസൂചികള്‍ കണ്ടെടുത്ത സംഭവത്തിൽ 50 കാരി അറസ്റ്റില്‍. സെപ്റ്റംബറിൽ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്ലാസ്റ്റിക് ബോക്‌സുകളിലായി വിറ്റഴിക്കപ്പെട്ട പഴങ്ങളില്‍ നിന്നുമാണ് സൂചി കണ്ടെത്തിയത്. ഇതില്‍ ഭൂരിഭാഗവും സ്‌ട്രോബറികളിലായിരുന്നു സൂചി കണ്ടെത്തിയത്.
സ്ട്രോബറി കഴിച്ച ഒരാളെ വയറു വേദന മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. സ്‌ട്രോബറിക്ക് പുറമെ ആപ്പിള്‍, മാമ്പഴം തുടങ്ങിയ പഴവര്‍ഗ്ഗങ്ങളില്‍ നിന്നും തയ്യല്‍ സൂചികള്‍ കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങൾ ഭീതിയിലായിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് സ്‌ട്രോബറി വില്‍പ്പന പൂര്‍ണമായും നിര്‍ത്തിവച്ചു. അയല്‍രാജ്യമായ ന്യുസീലൻഡിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. എൻഫോഴ്സ്മെന്റ്, ഇന്റലിജൻസ് വിഭാഗങ്ങളെ ഉൾപ്പെടെ ഏകോപിപ്പിച്ചു ദേശവ്യാപകമായ അന്വേഷണമാണു നടത്തിയത്. അറസ്റ്റിലായ സ്ത്രീയെ തിങ്കളാഴ്ച ബ്രിസ്ബേനിലെ കോടതിയിൽ ഹാജരാക്കും. ഇത്തരം കുറ്റകൃത്യത്തിനു മുതിരാനുള്ള കാരണമെന്തെന്നോ എന്തൊക്കെ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തുകയെന്നോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയ കേസില്‍ കുറ്റക്കാരെ കണ്ടെത്തുന്നവർക്ക് വൻതുകയാണ് ക്വീൻസ്ലാൻഡ് അധികൃതർ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. കുറ്റക്കാർക്ക് ജയിൽ ശിക്ഷയുൾപ്പെടെ നൽകുമെന്ന് ഓസ്ട്രേലിയൻ സർക്കാരും അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam