രാജസ്ഥാനില്‍ ട്രാന്‍സ്ഫോമര്‍ പൊട്ടിത്തെറിച്ച് 14 മരണം

By Web DeskFirst Published Nov 1, 2017, 3:11 PM IST
Highlights

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ ട്രാന്‍സ്ഫോമര്‍ പൊട്ടിത്തെറിച്ച് 14 പേർ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമായി തുടരുന്നു. ജയ്പൂരിനടുത്ത് ഷാപുരയില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടെ ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. ട്രാന്‍ഫോര്‍മറില്‍ നിന്ന് വലിയ തോതില്‍ പുറത്തേക്ക് എണ്ണ തെറിച്ചാണ് ഭൂരിഭാഗം പേര്‍ക്കും പൊള്ളലേറ്റത്.

മരിച്ചവരില്‍ ഒരു കുടുംബത്തിലെ മുഴുവന്‍ പേരും ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ ഗര്‍ഭിണിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. കാലപ്പഴക്കം ചെന്ന ട്രാന്‍സ്ഫോമറിന് ആദ്യം തീപിടിച്ചതായും പിന്നീട് കേടുപാടുകള്‍ പരിഹരിച്ച് വൈദ്യുതിബന്ധം പുനസ്ഥാപിച്ചതോടെ ട്രാന്‍സ്ഫോര്‍മര്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.

കൃത്യമായി അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് അപകടത്തിനു കാരണമെന്നും ഇവര്‍ പറയുന്നു. കേന്ദ്ര മന്ത്രിയും ജയ്പൂര്‍ റൂറല്‍ എംപിയുമായ രാജ്യവര്‍ത്തന്‍ റാത്തോര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികില്‍സയും പ്രഖ്യാപിച്ചു. ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടു. വൈദ്യുതി തകരാര്‍ മൂലം അപകടങ്ങളുണ്ടാകുന്നത് രാജസ്ഥാനില്‍ നിത്യ സംഭവമാണ്.

click me!