
ആലപ്പുഴ: പ്രകൃതിയുടെ വരദാനമായ മണ്ണിന് ജീവന്‍ നല്‍കി കാര്‍ഷികവൃത്തി ഉപജീവനമാക്കി ജൈവ പച്ചക്കറിയില്‍ വിജയഗാഥ തീര്‍ത്തു എഴുപത്തിനാലുകാരന്‍. ചെന്നിത്തല തെക്കുംമുറി പതിനെട്ടാം വാര്‍ഡില്‍ നാങ്കേരിപടിറ്റേതില്‍ സി ജനാര്‍ദ്ദനനാണ് പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവെടുത്തത്. മുപ്പത്തിയേഴു വര്‍ഷമായി കൃഷി ജീവനമാക്കിയ ജനാര്‍ദ്ദനന് സ്വന്തമായി കാര്‍ഷികവൃത്തിക്കു ഭുമിയില്ലെങ്കിലും വിവിധയിടങ്ങളില്‍ പാട്ടത്തിനെടുത്ത പറമ്പുകളിലാണ് ജൈവപച്ചക്കറി കൃഷി നടത്തുന്നത്.
ഇപ്പോള്‍ പത്തേക്കര്‍ ഭുമിയില്‍ വൈവിധ്യമാര്‍ന്ന ജൈവവളമുപയോഗിച്ചുള്ള കൃഷിരീതികളുമായി മുഴുവന്‍ സമയ കര്‍ഷകനായി വിരാചിക്കുന്നു. വെള്ളരി കൃഷിയിലൂടെയാണ് തുടക്കം. വെള്ളം കയറി കൃഷി നശിച്ചിട്ടും തളരാതെ, ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ നടത്താതെയുമാണ് കൃഷിയുമായി മുന്നോട്ടു പോകുന്നത്. ആദ്യമൊക്കെ അച്ചന്‍കോവിലാറ്റില്‍ നിന്നും ചെറുചൂണ്ട ഉപയോഗിച്ച് പിടിക്കുന്ന മത്സ്യങ്ങള്‍ വിറ്റാണ് കുടുംബം കഴിഞ്ഞിരുന്നത്. പൂര്‍ണമായി പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞതോടെ ജനാര്‍ദ്ദനന്‍ കാലാവസ്ഥ ഏതായാലും പുലര്‍ച്ചെ മുതല്‍ സന്ധ്യവരെ കൃഷിയിടങ്ങളില്‍ അദ്ധ്വാനത്തില്‍ ഏര്‍പ്പെടും.
നിലവില്‍ എല്ലാ വിധ പച്ചക്കറി ഇനങ്ങള്‍ക്കും പുറമെ, ചേന, വെട്ടുചേമ്പ്, കൊച്ചുചേമ്പ്, കാച്ചില്‍, കപ്പകിഴങ്ങ്, ഏത്തവാഴ, ഞാലിപ്പൂവന്‍, പാളേന്‍ന്തോടന്‍, ഇഞ്ചി, മഞ്ഞള്‍ എന്നീ കൃഷികളും നടത്തുന്നു. ഇവയ്ക്കു പുറമെ ഉരുളന്‍ കിഴങ്ങ്, കൂര്‍ക്ക, ഉഴുന്ന്, എന്നീ കൃഷി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നതും പ്രത്യേകതയാണ്. ഭാര്യ ഗോമതിയും, ഇളയ മകനായ ഡ്രൈവര്‍ ബിനീഷും സഹായികളായി കൂടാറുണ്ട്. ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ രാമനിലയത്തില്‍ ആര്‍ പുരന്ദരദാസിന്റെ രണ്ടേക്കര്‍ പറമ്പില്‍ അഞ്ചു വര്‍ഷക്കാലമായി ജനാര്‍ദ്ദനന്റെ കാര്‍ഷികവൃത്തിയിലെ നൂതനങ്ങളായ കൃഷിരീതികള്‍ക്കുള്ള കര്‍മഭൂമിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
കൃഷിയിടമായ 50 സെന്റില്‍ തെറാമിന്‍, കുമ്മായത്തിനു പകരം ഡോളാമൈറ്റ്, മഗ്‌നീഷ്യം സള്‍ഫേറ്റ് എന്നിവ ഭുമിയില്‍ ഉപയോഗിച്ച് മണ്ണിനെ ജീവന്‍ നല്‍കി വാനം എടുത്തശേഷം പയര്‍ ഉള്‍പ്പെടെയുള്ള പച്ചക്കറി വിത്തുകള്‍ നടുകയും, ഇത് പടര്‍ന്ന് പിടിക്കുന്നതിനായി കറ്റാടി ശിഖരങ്ങും, മുളകളും കൂടാതെ കയര്‍ ഉപയോഗിച്ച് വലിയ പന്തല്‍ ഒരുക്കിയും സംരക്ഷിക്കുന്നു. പാത്തികളിലേക്ക് പമ്പുസെറ്റ് ഉപയോഗിച്ചാണ് വെള്ളമടിക്കുന്നത്. പിന്നീട് പയറുകൃഷി നശിപ്പിക്കാനെത്തുന്ന പക്ഷികളില്‍ നിന്നും കൃഷിയെ രക്ഷിക്കാന്‍ കയറില്‍ നിശ്ചിത ദൂരത്തില്‍ പടക്കം നാലുഭാഗത്തും വലിച്ചുകെട്ടി കയറിന് തീകൊളുത്തുന്നു. ഇത് പലഭാഗത്തുനിന്നും വലിയ ശബ്ദത്തില്‍ പൊട്ടുമ്പോള്‍ കിളികള്‍ പറന്നകലുന്നു.
മുഖം നോക്കുന്ന കണ്ണാടികള്‍ വാങ്ങി അത് പല ഭാഗങ്ങളിലായി ഉയരത്തില്‍ കെട്ടി തൂക്കി കാറ്റില്‍ ഇവ ചുറ്റികറങ്ങുമ്പോള്‍ ഗ്ലാസില്‍ പതിക്കുന്ന സൂര്യപ്രകാശം പല ദിശകളിലേക്ക് വെളിച്ചം വീശുന്നതിനാല്‍ കിളികള്‍ക്ക് ഭയന്ന് ഇവിടേക്ക് വരാതെ അകന്നുപോകുന്നു അങ്ങനെ ജനാര്‍ദ്ദനന്റെ കണ്ണാടി വിദ്യയും ഫലപ്രദമായി. കീടനാശിനിയായി വേപ്പെണ്ണയും സോപ്പും കലര്‍ത്തിയ മിശ്രിതമാണ് കൃഷിക്ക് തളിക്കുന്നത്. ചാണകവും, ചാരവും വളമായി ഉപയോഗിക്കുന്നു. ഇതോടൊപ്പം കാരി കുഴിയില്‍ രണ്ടര ഏക്കറില്‍ എത്തവാഴ കൃഷിയും നടത്തുന്നുണ്ട്. വിളവെടുത്ത ഉല്‍പ്പന്നങ്ങള്‍ നാല്് പഞ്ചായത്തുകളിലെ 25 കൃഷിക്കാരുടെ സംയുക്തസംരംഭമായ കാരിക്കുഴി ക്ലസ്റ്ററിലൂടെയാണ് വിറ്റഴിക്കുന്നത്.
കഴിഞ്ഞ വര്‍ഷം രണ്ടു ലക്ഷത്തോളം രൂപയുടെ ഫലങ്ങള്‍ വിപണിക്കു നല്‍കി. പോയ വര്‍ഷത്തെ രൂക്ഷമായ വരള്‍ച്ച വന്‍ നഷ്ടമാണ് വരുത്തിയത്. ലാഭം നോക്കി മാത്രം കൃഷി ചെയ്യുന്നവരാണിപ്പോഴുള്ളത്. പ്രകൃതിയുടെ വരദാനങ്ങളുമായി ഇഴുകി ചേര്‍ന്ന് മണ്ണറിഞ്ഞു തന്നെ കൃഷി ചെയ്യുന്ന കാര്‍ഷികവൃത്തി തനിക്ക് ആത്മസംതൃപ്തമായ ജീവിതമാണ് സമ്മാനിക്കുന്നതെന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞു. കാര്‍ഷിക സര്‍വകലാശാല, കായംകുളം കൃഷ്ണപുരം തോട്ടവിള ഗവേഷണ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നുമാണ് വിത്തിനങ്ങള്‍ വരുത്തുന്നത്. രാവിലെ പാടത്ത് നെല്‍കൃഷിയുടെ പരിചരണത്തിനുശേഷം ഉച്ചയ്ക്കുള്ള ഭക്ഷണവും വെള്ളവും കരുതി സൈക്കിളില്‍ കൃഷിയിടങ്ങളിലേക്ക് പോകും. ഓണത്തിന് കൃഷിഭവന്റെ വിപണിയിലേക്കാവശ്യമായ ചേന, ചേമ്പ്, കാച്ചില്‍, ചെറുചേമ്പ് എന്നിവ നല്‍കുന്നത് ജനാര്‍ദ്ദനന്റെ കൃഷിയിടത്തില്‍ നിന്നാണ് ശേഖരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam