സംസ്ഥാനത്ത് 77 ബാറുകള്‍ തുറന്നു

By Web DeskFirst Published Jul 2, 2017, 11:18 AM IST
Highlights

തിരുവനന്തപുരം: രണ്ടര വര്‍ഷത്തിനുശേഷം സംസ്ഥാനത്ത് 77 ത്രീ സ്റ്റാര്‍-ഫോര്‍ സ്റ്റാര്‍ ബാറുകള്‍ കൂടി തുറന്നു. രാവിലെ 11 മണിയോടെയാണ് പുതിയതായി അനുമതി ലഭിച്ച ബാറുകള്‍ തുറന്നത്. വലിയ ആഘോഷമായിട്ടാണ് പലയിടത്തും ബാറുകള്‍ തുറന്നത്. മദ്യപരെ വരവേല്‍ക്കാന്‍ വമ്പന്‍ ഓഫറുകളും ചില ബാറുകാര്‍ ഒരുക്കിയിട്ടുണ്ട്. രണ്ടരവര്‍ഷത്തോളമായി ജോലി ഇല്ലാതിരുന്ന ജീവനക്കാരും ഏറെ സന്തോഷത്തോടെയാണ് ഇന്നു തുറന്ന ബാറുകളില്‍ ജോലിക്ക് എത്തിയത്. ബാറുകള്‍ തുറക്കുന്നതിന്റെ തയ്യാറെടുപ്പുകള്‍ കഴിഞ്ഞദിവസം മുതല്‍ക്കേ തുടങ്ങിയിരുന്നു. പുതിയ മദ്യനയം അനുസരിച്ച് രാവിലെ 11 മണിമുതല്‍ രാത്രി 11 മണിവരെയായിരിക്കും ബാറുകളുടെ പ്രവര്‍ത്തനസമയം. ടൂറിസം മേഖലകളില്‍ ബാറുകള്‍ രാവിലെ 10ന് തന്നെ ബാറുകള്‍ തുറന്നിരുന്നു. ഇതുവരെ ആകെ സര്‍ക്കാറിന് കിട്ടിയത് 81 അപേക്ഷകളാണ്. ഇതില്‍ 77 എണ്ണത്തിനാണ് തുറക്കാന്‍ അനുമതി നല്‍കിയത്. നിലവിലെ കണക്ക് പ്രകാരം 20 ബാറുകളുള്ള എറണാകുളത്താണ് ഏറ്റവുമധികം ബാറുകള്‍ തുറന്നത്. കുറവ് വയനാട്ടിലും. രണ്ട് ബാറുകളാണ് വയനാട്ടിലുള്ളത്. ഇനിയും അപേക്ഷകള്‍ വരുന്ന മുറയ്‌ക്ക് പരിശോധിച്ച് അനുമതി നല്‍കാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം.   

സംസ്ഥാനത്ത് ഇതുവരെ 3409 കളളുഷാപ്പുകള്‍ക്കും അനുമതിയായി. പാലക്കാട്ടാണ് കൂടുതല്‍ ഷാപ്പുകള്‍ തുറക്കുന്നത്. 709 എണ്ണം. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന 753 ബാറുകളില്‍ നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് 2014 ഏപ്രില്‍ 13നാണ് യു.ഡി.എഫ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. അതേവര്‍ഷം ഓഗസ്റ്റ് 21ന് ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടാന്‍ തീരുമാനമെടുത്തിരുന്നു.

click me!