ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് അപ്രതീക്ഷിതമായി രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്ന് ബിജെപി പറയുമ്പോൾ, ഇത് മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ രാജിക്ക് സമാനമാണെന്നും രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു. 

ദില്ലി : ബംഗാൾ ഗവർണർ സി.വി ആനന്ദബോസിന് മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗതിയാകുമെന്ന് കോൺഗ്രസ്. മോദി എക്കോസിസ്റ്റത്തിൻ്റെ ഭാഗമാണ് പകരക്കാരനായെത്തുന്ന ആർ എൻ രവിയെന്നും കൈയിലിരുപ്പ് വിനയാകാനാണ് സാധ്യതയുണ്ടെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ കുറിച്ചു. ആർ എൻ രവിയെ പ്രവർത്തന ശൈലി കാരണം അദ്ദേഹത്തെ നാഗാലാൻഡിൽ നിന്ന് മാറ്റേണ്ടിവന്നു. അദ്ദേഹം തമിഴ്‌നാട്ടിലേക്ക് മാറി, അവിടെ അദ്ദേഹം പരാജയമായിരുന്നു. ഇപ്പോൾ അദ്ദേഹത്തെ പശ്ചിമ ബംഗാളിലേക്ക് മാറ്റി, അവിടെ അദ്ദേഹം ശല്യമാകുമെന്ന് ഉറപ്പാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. 

അപ്രതീക്ഷിതമായാണ് സിവി ആനന്ദബോസ് ബംഗാൾ ഗവർണർ സ്ഥാനം രാജിവെച്ചത്. ആരോഗ്യപരമായ കാരണങ്ങളാലെന്നാണ് ബിജെപി ബംഗാൾ നേതൃത്വം നൽകുന്ന വിശദീകരണം. സമാനമായ രീതിയിൽ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധൻകറും രാജിവെച്ചത്.

അപ്രതീക്ഷിതമായി പാർലമെന്റ് മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം രാത്രിയോടെയായിരുന്നു രാജിവെച്ചത്. ആരോഗ്യപരമായ കാരണങ്ങളാലെന്നായിരുന്നു അന്നും ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ പശ്ചിമ ബംഗാൾ ഗവർണർ, കേന്ദ്രമന്ത്രി, മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ച ധൻകറിന്റെ രാജിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന സൂചനകൾ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.

വിശദീകരണവുമായി ബിജെപി

ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന് പിന്നാലെ അഭ്യൂഹങ്ങളുയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി ബിജെപി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആനന്ദബോസ് രാജിവെച്ചതെന്നും പല ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നുവെന്നുമാണ് സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയുടെ വിശദീകരണം. ആനന്ദ ബോസിനെ ഏതെങ്കിലും രീതിയിൽ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും രാഷ്ട്രപതിയുടെ പ്രതിനിധിയായ അദ്ദേഹത്തെ ബഹുമാനിച്ചിട്ടേയുളളുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിശദീകരിക്കുന്നു. നിലവിലെ തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എൻ രവിയെ പുതിയ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കാനാണ് തീരുമാനം. ആര്‍ എൻ രവി ബംഗാള്‍ ഗവര്‍ണര്‍ ആകുന്നതോടെ മണിപ്പൂർ ഗവർണർ എ കെ ഭല്ലയ്ക്ക് തമിഴ്നാടിന്‍റെ അധിക ചുമതല നൽകിയേക്കും.