ഇറാൻ കപ്പൽ യുഎസ് തകർത്ത വിഷയം ഇന്ത്യ ഉന്നത തലത്തിൽ വിലയിരുത്തും. ഇറാൻ വിദേശകാര്യ മന്ത്രിയുമായി എസ്. ജയശങ്കർ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്
ദില്ലി: ഇറാൻ കപ്പൽ യുഎസ് തകർത്ത വിഷയം ഇന്ത്യ ഉന്നത തലത്തിൽ വിലയിരുത്തും. ഇറാൻ വിദേശകാര്യ മന്ത്രിയുമായി എസ്. ജയശങ്കർ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ഇന്ത്യൻ നാവിക സേനയുടെ ഇടപടൽ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ജയശങ്കർ വിശദീകരിച്ചെന്നാണ് സൂചന. വിഷയത്തില്‍ പാർലമെന്‍റിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെടാനാണ് പ്രതിപക്ഷ തീരുമാനം. അതിനിടെ യുഎഇ യിൽ കുടുങ്ങിയ 7000 പേരെ തിരിച്ചെത്തിച്ചെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ശ്രീലങ്കൻ തീരത്ത് വെച്ച് യുഎസിന്‍റെ ആണവ അന്തര്‍വാഹിനി ടോര്‍പിഡോ ആക്രമണത്തിലാണ് ഇറാന്‍റെ യുദ്ധകപ്പൽ തകര്‍ന്നത്. മാര്‍ച്ച് നാലിന് പുലര്‍ച്ചെയാണ് കൊളംബോയിൽ നിന്ന് ഐആര്‍ഐഎസ് ദേനയിൽ നിന്ന് അപായ സന്ദേശം ലഭിക്കുന്നതെന്നും ശ്രീലങ്കൻ നേവിയാണ് ഇതുസംബന്ധിച്ച വിവരം നൽകിയെന്നും ഇന്ത്യൻ നാവികസേന വിശദീകരിച്ചു. ശ്രീലങ്കൻയുടെ ഉത്തരവാദിത്വത്തിലുള്ള മേഖലയിലാണ് അപകടമുണ്ടായത്. വിവരം ലഭിച്ച ഉടനെ പട്രോളിങ് ഹെലികോപ്ടര്‍ അയക്കുകയായിരുന്നു.
ശ്രീലങ്കയുടെ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നതിനായിട്ടായിരുന്നു ഇത്. ഇതോടൊപ്പം രക്ഷാ ബോട്ടുകള്‍ അടങ്ങിയ മറ്റൊരു ഹെലികോപ്ടറും അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിനായി സജ്ജമാക്കിയിരുന്നു. ഐഎൻഎസ് തരംഗിണി കപ്പൽ മാർച്ച് നാലിന് വൈകിട്ട് നാലുമണിയോടെ തെരച്ചിൽ നടക്കുന്ന മേഖലയിലെത്തിയിരുന്നു. എന്നാൽ, ഇതേ സമയത്ത് തന്നെ ശ്രീലങ്കൻ നാവികസേനയും മറ്റു ഏജന്‍സികളും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. മാനുഷിക പരിഗണന എന്ന നിലയിൽ കൊച്ചിയിൽ നിന്ന് പോയ ഐഎൻഎസ് ഇക്ഷക് കപ്പൽ പ്രദേശത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു. നിലവിൽ ശ്രീലങ്കൻ നാവികസേനയുമായി ചേര്‍ന്ന് തെരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണെന്നും നാവികസേന അറിയിച്ചു.



