94 വർഷത്തിലെ ഏറ്റവും ശക്തമായ മഴക്കെടുതി: തകർന്നത് 20,000-ത്തിലേറെ വീടുകൾ

By Web TeamFirst Published Aug 12, 2018, 6:55 PM IST
Highlights

മഴക്കെടുതിയില് റോഡുകളും പാലങ്ങളും തകർന്നു.വൻ കൃഷിനാശം ഉണ്ടായി, ഈ മഴക്കാലത്ത് 186 പേർ അപകടത്തിൽ മരിച്ചു. ഇപ്പോഴും ദുരിതം തുടരുന്നു. ഇതെല്ലാം ഏകദേശ നഷ്ടമാണ് യഥാർത്ഥനഷ്ടം  ഇതിലുമേറെയാണ്.  

കൊച്ചി: കാലവർഷക്കെടുതിയിൽ  8316 കോടിരൂപയുടെ നാശ നഷ്ടമുണ്ടായെന്ന് സംസ്ഥാനം  കേന്ദ്രത്തെ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാൻ 1220 കോടിരൂപ അനുവദിക്കണമെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് മുഖ്യമന്ത്രി നിവേദനം നൽകി.കേരളം നേരിടുന്നത് ഗുരുതരസാഹചര്യമാണെന്നും നൂറ് കോടിരൂപ ഉടൻ അനുവദിക്കുന്നതായും പ്രാരളയബാധിത മേഖലകൾ സന്ദർശിച്ച ശേഷം രാജ്നാഥ്  സിംഗ് അറിയിച്ചു.

കേരളത്തിലെ പ്രളയ ദുരിതം നേരിട്ട് കണ്ടറിയാനെത്തിയ കേന്ദ്ര ആഭ്യന്ത്ര മന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് 8316 കോടിരൂപയുടെ പ്രഥമിക നഷ്ടകണക്ക് കേരളം സമർ‍പ്പിച്ചത്. റോഡുകളും പാലങ്ങളും തകർന്നു.വൻ കൃഷിനാശം ഉണ്ടായി, ഈ മഴക്കാലത്ത് 186 പേർ അപകടത്തിൽ മരിച്ചു. ഇപ്പോഴും ദുരിതം തുടരുന്നു. ഇതെല്ലാം ഏകദേശ നഷ്ടമാണ് യഥാർത്ഥനഷ്ടം  ഇതിലുമേറെയാണ്.  

പുനരധിവാസത്തിനും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനുമുളള യഥാര്‍ത്ഥ നഷ്ടം വിലയിരുത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ പ്രാഥമികമായ കണക്കുകളാണ് സമര്‍പ്പിച്ചത്. അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതില്‍ 820 കോടി രൂപ എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ആദ്യഘട്ടത്തിലുണ്ടായ കാലവര്‍ഷക്കെടുതിക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതും സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം ശുപാര്‍ശ ചെയ്തതുമാണ്. 

കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രളയക്കെടുതി അസാധാരണമാംവിധം ഗുരുതരമാണെന്ന് പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പാക്കേജ് സംബന്ധിച്ച നിവേദനം ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതാണ്. 

മഴക്കെടുതിയിൽ ആകെ മൊത്തം ഇരുപതിനായിരത്തോളം വീടുകൾ തകർന്നിട്ടുണ്ട്. പതിനായിരത്തിലേറെ കിലോമീറ്റർ റോഡും തകർന്നു.ഒരേ സീസണില്‍ രണ്ടാംവട്ടമാണ് കേരളത്തില്‍ മഴക്കെടുതിയുണ്ടാകുന്നത്. ഇത് കണക്കിലെടുത്ത് നഷ്ടം വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടു. 94 വർഷത്തിലെ ഏറ്റവും ശക്തമായ മഴക്കെടുതിയാണ് കേരളം നേരിട്ടതെന്നും 1924-ന് ശേഷം സംസ്ഥാനത്ത് ഇത്രയും വലിയ മഴക്കെടുതി നേരിട്ടിട്ടില്ലെന്നും രാജ്നാഥ് സിം​ഗിന് മുഖ്യമന്ത്രി നൽകിയ നിവേദനത്തിൽ പറയുന്നു. 

ഉച്ചയ്ക്ക് 12.30 ഓടെയാണ് വായുസേനയുടെ പ്രത്യേക വിമാനത്തിൽ കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനൊപ്പം രാജ്നാഥ് സിംഗ് കേരളത്തിലെത്തിയത്. തുടന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം ഹെലികോപ്റ്ററിൽ ഇടുക്കിയിലെയും എറണാകുളത്തെയും പ്രളയബാധിത മേഖലകൾ സന്ദർശിച്ചു. വൈകിട്ട് മൂന്ന് മണിയോടെ റോഡ്മാർഗം വടക്കൻപറവൂരിലെ ഇളന്തിക്കരയ ഗവ. സ്കൂളിലെ ദുരിതാശ്വാസ ക്യംപിലും അഭ്യന്തരമന്ത്രി സന്ദർശനം നടത്തി. 

ക്യാംപിലെ അന്തേവാസികൾ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ രാജ്നാഥ് സിം​ഗിന് മുൻപിൽ വിവരിച്ചു. എല്ലാ പിന്തുണയും കേന്ദ്രം വാഗ്ദാനം ചെയ്തപ്പോൾ എല്ലാ കാര്യങ്ങൾക്കും സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. വൈകിട്ട് നെടുമ്പാശ്ശരിയിൽ നടന്ന അവലോകനയോഗത്തിൽ കേന്ദ്ര സേന സംസ്ഥാനത്ത് നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളം കേന്ദ്രത്തെ നന്ദി അറയിച്ചു

click me!