
തൃശ്ശൂര്‍: വെള്ളികുളങ്ങരയിൽ വയോധികയെ തലയ്ക്കടിച്ചു കൊന്നു കത്തിച്ച കേസിൽ ഭര്‍ത്താവ് ചെറിയക്കുട്ടിയെ അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതി കുഴിച്ചിട്ട ഭാര്യയുടെ സ്വർണാഭരണങ്ങൾ സമീപത്തെ പറമ്പിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
80 വയസുള്ള കൊച്ചു ത്രേസ്യയെ ഭർത്താവ് ചെറിയക്കുട്ടി ഞായറാഴ്ചയാണ് കൊലപ്പെടുത്തിയത്. വഴക്ക് മൂത്ത് ഭര്‍ത്താവ് ഭാര്യയുടെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിറ്റേ ദിവസം മൃതദേഹം തുണി കൊണ്ട് കെട്ടി വലിച്ചു കൊണ്ടു വന്ന് രണ്ടാം നിലയില്‍ നിന്നും താഴേക്കിട്ടു. തുടര്‍ന്ന് വീടിനടുത്തുള്ള ഷെഡിലിട്ട് മൃതദേഹം കത്തിക്കുകയായിരുന്നു. കൊച്ചു ത്രേസ്യയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നരപവന്‍റെ മാല ഒന്നരകിലോമീറ്റര്‍ അപ്പുറത്തുള്ള പറന്പിലെത്തിച്ച് കുഴിച്ചിട്ടു
അമ്മ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയാണെന്നാണ് ഇയാൾ മക്കളെ ധരിപ്പിച്ചത്. എന്നാല്‍ മൂന്നു ദിവസമായിട്ടും കൊച്ചു ത്രേസ്യയെക്കുറിച്ച് വിവരമില്ലാതായതോടെ മക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വെള്ളിക്കുളങ്ങര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചെറിയക്കുട്ടി അറസ്റ്റിലാവുന്നത്.
വീട്ടിലും പരിസരത്തും പരിശോധന നടത്തിയ പൊലീസ് പിറകുവശത്തു നിന്നാണ് കൊച്ചു ത്രേസ്യയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. തലയോട്ടി മാത്രമെ മൃതദേഹത്തിൽ ബാക്കിയുള്ളൂ. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ചെറിയക്കുട്ടിയും കൊച്ചു ത്രേസ്യയും തമ്മിൽ സ്വത്തിനെ ച്ചൊല്ലി വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ 91 വയസുള്ള ചെറിയക്കുട്ടിയ്ക്ക് എങ്ങനെ ഈ കൃത്യം ഒറ്റയ്ക്ക് ചെയ്യാനാകും എന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്. ഏഴ് മക്കളുണ്ടെങ്കിലും ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam