
ദില്ലി: മരുമകളും ബന്ധുക്കളും വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ചു കൊണ്ടിരുന്ന 95 വയസ്സുകാരിയെ മകന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ വനിത കമ്മീഷൻ രക്ഷപ്പെടുത്തി. ദില്ലിയിലാണ് സംഭവം. തന്റെ അമ്മയെ കാണാനും ശുശ്രൂഷിക്കാനും അനുവദിക്കുന്നില്ലെന്നും നിരന്തരം ശാരീരികമായും മാനസികമായും അവരെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കാണിച്ച് ഇവരുടെ മകൻ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ വൃദ്ധയെ താമസിപ്പിച്ചിരുന്ന വീട്ടിൽ കമ്മീഷൻ എത്തി. എന്നാൽ ആദ്യം മരുമകൾ അവരെ വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. തുടർന്ന് പൊലീസിന്റെ സഹായത്തോടെ വീടിനുള്ളിൽ പ്രവേശിച്ച കമ്മീഷന്‍ അംഗങ്ങള്‍ പനി ബാധിച്ച് തീരെ അവശയായ നിലയില്‍ കിടക്കുന്ന വൃദ്ധയെ കണ്ടെത്തുകയായിരുന്നു. നിലത്ത് ഒരു കീറ തുണിയിലാണ് ഇവരെ കിടത്തിയിരുന്നത്. ഉടൻ തന്നെ വൃദ്ധയെ പൊലീസിന്റെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹമോചനത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന തന്നെ ഭാര്യയും ബന്ധുക്കളും കഴിഞ്ഞ മുന്ന് മാസമായി അമ്മയെ കാണാൻ അനുവദിച്ചിരുന്നില്ലെന്നാണ് മകന്‍റെ പരാതി. ഇതോടെ വീട്ടില്‍ കയറാനോ അമ്മയെ കാണാനോ അനുവദിക്കുന്നില്ലെന്ന് കാണിച്ച് ലോക്കല്‍ പൊലീസില്‍ പരാതി നല്‍കി. എന്നാൽ തന്റെ പരാതി പൊലീസ് കണ്ടില്ലെന്ന് നടിച്ചതോടെയാണ് കമ്മീഷനെ സമീപിച്ചത്. 50വയസ്സുകാരിയെ സഹോദരന്റെ തടവിൽ നിന്നും രക്ഷപ്പെടുത്തിയ വാർത്ത കണ്ടതോടെ പരാതിയുമായി കമ്മീഷനെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വൃദ്ധയെ എത്രയും വേഗം അടുത്തുള്ള പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുമെന്നും അതിന് അവരുടെ മകൻ സമ്മതവും നൽകിട്ടുണ്ടെന്ന് വനിത കമ്മീഷൻ മേധാവി അറിയിച്ചു. ഇത്തരം ക്രൂരതകൾ എവിടെയെങ്കിലും കണ്ടാൽ കമ്മീഷൻ ഹെൽപ്പ്ലൈൻ നമ്പറായ 181ബന്ധപ്പെടണമെന്നും വൃദ്ധ ഇപ്പോഴും ആശുപത്രിയിലാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam