കടുവകളുടെ എണ്ണം കുറഞ്ഞുവരുന്നു, 2016ല്‍ 98 കടുവകൾ ചത്തു

By Web DeskFirst Published Dec 19, 2016, 7:23 AM IST
Highlights

രാജ്യത്ത് കടുവകളുടെ എണ്ണം കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. ഈവര്‍ഷം നവംബർ 16 വരെ ഇന്ത്യയിലെ കടുവാസങ്കേതങ്ങളിൽ 98 കടുവകൾ ചത്തതായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചു. 2014ലെ സെൻസസ് അനുസരിച്ച് 136 കടുവകൾ കേരളത്തിലെ കാടുകളിൽ ഉണ്ടെന്നാണ് കണക്ക്.
 
2015ലെ സെൻസസ് അനുസരിച്ച് രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ വര്‍ദ്ധനയാണ് ഉണ്ടായത്. 2014ൽ 2226 കടുവകൾ ഉണ്ടായിരുന്നത് 2015ൽ 2500 എണ്ണമായി കൂടി എന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഈ വര്‍ഷത്തെ കണക്കെടുപ്പിൽ കടുവകളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പാര്‍ലമെന്‍റിൽ വെച്ച കണക്ക് വ്യക്തമാക്കുന്നത്. ഈ വര്‍ഷം നവംബർ 16 വരെ ഔദ്യോഗിക കണക്ക് അനുസരിച്ച് 98 കടുവകൾ ചത്തിട്ടുണ്ട്. മാവോയിസ്റ്റ് സ്വാധീനമില്ലാത്ത വനമേഖലയിലെ കണക്ക് മാത്രമാണിത്. മാവോയിസ്റ്റ് സ്വാധീനമേഖലകളിൽ കണക്കെടുപ്പ് നടത്താനായിട്ടില്ല. വോട്ടക്കാരുടെ സാന്നിധ്യം വന്യമൃഗസങ്കേതങ്ങളിൽ കൂടിവരുന്നു എന്നാണ് വനംപരിസ്ഥിതി മന്ത്രാലയം തന്നെ വ്യക്തമാക്കുന്നത്. വിദേശമാര്‍ക്കറ്റുകളിൽ കടുവകളുടെ തോലിന് വലിയ ഡിമാന്‍റുള്ളതുകൊണ്ട് ഗ്രാമവാസികൾ തന്നെ കടുവകളെ കൊല്ലുന്നുണ്ടെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി അനിൽമാധവ് ദവെ പറഞ്ഞു. ഇത് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കടുവാസംരക്ഷണത്തിനായി ഈ വര്‍ഷം ഇതുവരെ 1.82 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങൾക്ക് നൽകിയത്. കഴിഞ്ഞ വര്‍ഷം ഇത് 30 ലക്ഷം മാത്രമായിരുന്നു. കേരളത്തിലെ കാടുകളിൽ 136 കടുവകൾ ഉണ്ടെന്നാണ് 2014ലെ സെൻസസ്. കേരളത്തിൽ കടുവകളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടില്ലെങ്കിലും കര്‍ണാടക, തമിഴ്നാട് വനമേഖലകളിൽ കടുവ വേട്ടയും കള്ളക്കടത്തും ഉണ്ട്. മധ്യപ്രദേശിൽ 2000ത്തിൽ 700 കടുവ ഉണ്ടായിരുന്നത് ഇപ്പോൾ 300 ആയി കുറഞ്ഞു. ഈ സാചര്യത്തിൽ കടുവ സംരക്ഷണ പദ്ധതികളിൽ ആവശ്യമായ പ്രായോഗികമാറ്റങ്ങൾ വരുത്തി മുന്നോട്ടുപോകുമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

click me!