സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കാന്‍ എ,ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം

By Asianet NewsFirst Published Jun 11, 2016, 5:03 PM IST
Highlights

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം. സുധീനെതിരെ എ,ഐ ഗ്രൂപ്പുകള്‍ നീക്കം ശക്തമാക്കി. സുധീരനുമായി ഒത്തു പോകാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധിയെ അറിയിച്ചു. പാര്‍ട്ടിക്ക് ചടുലമായ നേതൃത്വം വേണമെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ തര്‍ക്കങ്ങളെത്തുടര്‍ന്നു രാഹുല്‍ ഗാന്ധി വിളിച്ച നേതൃയോഗത്തിനു മുന്‍പു വി.എം. സുധീരനെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നീന്ന് മാറ്റാനുള്ള ശക്തമായ നീക്കമാണ് എ,ഐ ഗ്രൂപ്പുകള്‍ സംയുക്തമായി നടത്തിയത്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇതാദ്യമായി സോണിയ ഗാന്ധിയെകണ്ട ഉമ്മന്‍ചാണ്ടി, വി.എം. സുധീരന്റെ നിലപാടാണു പാര്‍ട്ടിയുടെ പരാജയത്തിനു കാരണമെന്നു കുറ്റപ്പെടുത്തി.

പ്രതിപക്ഷ പ്രചാരണത്തിനു സുധീരന്റെ നിലപാട് ബലം പകര്‍ന്നു എന്നു കുറ്റപ്പെടുത്തിയ ഉമ്മന്‍ചാണ്ടി, സുധീരനുമായി ഒത്തുപോകാന്‍ കഴിയില്ല എന്ന അഭിപ്രായം അറിയിച്ചു എന്നാണു സുചന.  എം.എം. ഹസനേയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും എ ഗ്രൂപ്പ് സുധീരനെതിരെ രംഗത്തിറക്കിയപ്പോള്‍ ഐ ഗ്രൂപ്പ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സുധാകരനാണ്.

സുധീരന്‍ മാറണമെന്ന നിലപാട് സോണിയാഗാന്ധിയെ അറിയിച്ച സുധാകരന്‍, ചടുലമായ നേതൃത്വം പാര്‍ട്ടിക്കു വേണമെന്നു മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം നേതൃമാറ്റം എന്നയാവശ്യം വിഎം സുധീരന്‍ പൂര്‍ണ്ണമായും തള്ളുകയാണ്. ഗ്രൂപ്പുകള്‍ക്കതീതമായ പുനസംഘടന എന്ന നിര്‍ദ്ദേശത്തിലൂടെയാണ് സംയുക്ത നീക്കം സുധീരന്‍ തള്ളുന്നത്.,

രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കൂടിയാലോചന നടത്തിയ ശേഷമാണ് രാഹുലിന്റെ വസതിയിലേക്ക് പോയത്. എന്തായാലും കെപിസിസി അദ്ധ്യക്ഷന്‍ ഒരു വശത്തും രണ്ട് പ്രബലഗ്രൂപ്പുകള്‍ മറുവശത്തുമായുള്ള ബലാബലം പരാജയത്തിന്റെ ക്ഷീണത്തില്‍ നിന്ന് മുക്തമാകാത്ത സംസ്ഥാന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാവുകയാണ്.

 

 

click me!