Latest Videos

മറവിരോഗിയായ അമ്മ; കാന്‍സര്‍ രോഗിയായ ഞാന്‍; ഒപ്പം ഈ കൈക്കുഞ്ഞും; ഇനി ഞങ്ങളെങ്ങോട്ട് പോവും'?

By Sumam ThomasFirst Published Sep 10, 2018, 1:11 PM IST
Highlights

പിറ്റേന്ന് രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എങ്ങോട്ട് പോകണമെന്ന് യാതൊരു രൂപവുമില്ലായിരുന്നു. ആദ്യം കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെത്തി. രാത്രിയില്‍ കായംകുളം റെയില്‍വേ സ്റ്റേഷനിലേക്ക്. കാത്തിരിപ്പ് മുറിയും ബഞ്ചിലുമൊക്കെയായി നാലുദിവസം തള്ളി നീക്കി. അപ്പോഴും ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നില്‍.

തിരുവനന്തപുരം: 'മറവി രോഗിയായ അമ്മ, കാന്‍സര്‍ രോഗിയായ ഞാന്‍, ഒപ്പം, ഈ കൈക്കുഞ്ഞും, ഇനി ഞങ്ങളെങ്ങോട്ട് പോവും'-ഇടറുന്ന സ്വരത്തില്‍ രാധാകൃഷ്ണന്‍ ചോദിക്കുന്നു. വാടകക്കുടിശ്ശിക നല്‍കാനാവാത്തതിനാല്‍ വീട്ടുടമ ഇറക്കിവിട്ടതിനെ തുടര്‍ന്ന് അഞ്ച് നാള്‍ റെയില്‍വേ സ്‌റ്റേഷനിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ കഴിഞ്ഞ രാധാകൃഷ്ണനും കുടുംബവും ഇനിയെന്ത് എന്ന അനിശ്ചിതത്വത്തിലാണ്. 

ചെട്ടിക്കുളങ്ങര കൈതവടക്ക് ആനന്ദഭവനത്തില്‍ രാധാകൃഷ്ണനും ഭാര്യ രമാദേവിയും അമ്മ പൊന്നമ്മയും മകള്‍ വാണിയും മൂന്നു മാസം പ്രായമുള്ള അഭിരാമിയുമാണ് പെരുവഴിയിലായത്. ഈരഴ തെക്കുള്ള വാടകവീട്ടില്‍നിന്ന് ഇറങ്ങേണ്ടിവന്നതോടെയാണ് ഇവര്‍ ഈ അവസ്ഥയിലെത്തിയത്. ബസ്സില്‍ കണ്ടക്ടറായിരുന്നു രാധാകൃഷ്ണന്‍. കുറച്ച് സമയം നിന്നാല്‍ കാലിന് പെരുപ്പും വേദനയും വരുമായിരുന്നു. പരിശോധനയിലാണ് അര്‍ബുദത്തിന്റെ തുടക്കമാണെന്ന് മനസ്സിലായത്. കൂടെ ഹൃദ്രോഗവും. 

''സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. അതിനിടെയാണ് ഈ അവസ്ഥ. ആറുമാസത്തെ വാടകയാണ് കുടിശ്ശിക ഉണ്ടായിരുന്നത്. ഒരുപാട് അവധി പറഞ്ഞു. കഴിഞ്ഞ ഇരുപത്തെട്ടാം തീയതിയാണ് വീടൊഴിഞ്ഞു കൊടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടത്. പെട്ടെന്നൊരു വീട് കണ്ടുപിടിക്കാനുളള സാമ്പത്തികാവസ്ഥയിലായിരുന്നില്ല ഞാന്‍. വാടക കുറവാണെങ്കിലും അഡ്വാന്‍സ് തുക കൂടുതലായിരുന്നു.'' രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ശാരീരിക വൈകല്യമുള്ള മകള്‍ വേണിയും മൂന്നു മാസം പ്രായമുള്ള കുഞ്ഞ് അഭിരാമിയും രാധാകൃഷണനൊപ്പമാണ് താമസിക്കുന്നത്. ഭാര്യ രമാദേവി സ്വകാര്യ ആശുപത്രിയിലെ കാന്റീനില്‍ ജോലിക്ക് പോയി ലഭിക്കുന്ന ചെറിയ വരുമാനമാണ് ഈ കുടുബത്തിന്റെ ഏകവരുമാന മാര്‍ഗം. അവിടെ താമസിച്ചാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. വീടൊഴിഞ്ഞു കൊടുക്കേണ്ട സമയമായപ്പോള്‍ രണ്ട് ദിവസം മുമ്പാണ് ഇവര്‍ വീട്ടിലെത്തിയത്. 'കുഞ്ഞിന് പാല്‍പ്പൊടിയെങ്കിലും വാങ്ങാമല്ലോ എന്ന് കരുതിയാണ് ഭാര്യ ജോലിക്ക് പോകുന്നത'- രാധാകൃഷ്ണന്‍ പറയുന്നു.

രാധാകൃഷ്ണന് മറ്റ് കൂടപ്പിറപ്പുകള്‍ ആരുമില്ല. ചെറുപ്പത്തിലെ അച്ഛന്‍ മരിച്ചു. അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. അപകടത്തിന് ശേഷം ഓര്‍മ്മക്കുറവുള്ള പൊന്നമ്മ മിക്കപ്പോഴും എവിടെയെങ്കിലും വീഴാറുണ്ട്. അമ്മയെ എവിടെയെങ്കിലും കൊണ്ടുപോയി താമസിപ്പിക്കാന്‍ പലരും പറഞ്ഞിരുന്നു. എന്നാല്‍ എവിടെപ്പോയാലും അമ്മയും കൂടെയുണ്ടാകുമെന്ന് രാധാകൃഷ്ണന്‍ ഉറപ്പിച്ചു പറയുന്നു. ഓര്‍മ്മക്കുറവുണ്ടെങ്കിലും വീട്ടുകാര്യങ്ങളെല്ലാം തന്നെ പൊന്നമ്മ കൃത്യമായി ചെയ്യും. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബത്തെയും കൂട്ടി രാധാകൃഷ്ണന്‍ വാടകവീട്ടില്‍ നിന്ന് ഇറങ്ങിയത്. തലേന്ന് രാത്രിയായപ്പോള്‍ ഇറങ്ങിക്കൊടുക്കണമെന്നാണ് വീട്ടുടമസ്ഥര്‍ പറഞ്ഞത്. എന്നാല്‍ ചില സാമൂഹ്യ സംഘടനകള്‍ ഇടപെട്ട് അന്നൊരു ദിവസം കൂടി അവിടെ തങ്ങാന്‍ അനുവാദം ലഭിച്ചു. പിറ്റേന്ന് രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എങ്ങോട്ട് പോകണമെന്ന് യാതൊരു രൂപവുമില്ലായിരുന്നു. ആദ്യം കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെത്തി. രാത്രിയില്‍ കായംകുളം റെയില്‍വേ സ്റ്റേഷനിലേക്ക്. കാത്തിരിപ്പ് മുറിയും ബഞ്ചിലുമൊക്കെയായി നാലുദിവസം തള്ളി നീക്കി. അപ്പോഴും ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നില്‍. ശനിയാഴ്ച മാവേലിക്കര റെയില്‍വേ സ്റ്റേഷനിലെത്തി. അഞ്ചാം ദിവസമായ ഇന്ന് രാവിലെ ചുനക്കരയിലെ സ്‌നേഹവീട്ടിലേക്ക് അവരുടെ പ്രവര്‍ത്തകര്‍ വന്ന് കൊണ്ടുവന്നു,

സുഹൃത്തായ ഗീത ഗോപാലകൃഷ്ണന്‍ വഴിയാണ് ഇപ്പോള്‍ ചുനക്കരയിലെ സ്‌നേഹവീട്ടില്‍ രാധാകൃഷ്ണനും കുടുംബവുമെത്തിയത്. എത്ര ദിവസം ഇവിടെ താമസിക്കാന്‍ സാധിക്കുമെന്ന കാര്യം രാധാകൃഷ്ണന് തീര്‍ച്ചയില്ല. അഞ്ച് ദിവസം റെയില്‍വേ സ്റ്റേഷനിലും ബസ്റ്റോപ്പിലും കഴിഞ്ഞിട്ടും ബന്ധുക്കളാരും തന്നെതേടി വന്നില്ലെന്നും രാധാകൃഷ്ണന്‍ പറയുന്നു. എന്നാല്‍ സഹായം വാഗ്ദാനം ചെയ്ത് ധാരാളം പേര്‍ വിളിക്കുന്നുണ്ട്. ചെറിയ കുഞ്ഞിനെയും കൊണ്ട് അന്തിയുറങ്ങാന്‍ ഒരു വാടക വീട്. അത്ര മാത്രമേ രാധാകൃഷ്ണന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുള്ളൂ. തന്റെ അസുഖം ഭേദമാകുമെന്നും പഴയത് പോലെ ജോലിക്ക് പോകാന്‍ സാധിക്കുമെന്നും രാധാകൃഷന്‍ ഉറച്ച് വിശ്വസിക്കുന്നു. സുമനസ്സുകള്‍ കനിഞ്ഞാല്‍ ഈ കുടുംബത്തിന് ഒരു വീട്ടില്‍ അന്തിയുറങ്ങാന്‍ സാധിക്കും. 

രാധാകൃഷ്ണന്റെ നമ്പര്‍ 

7561 056 518

ഫോട്ടോയ്ക്ക് കടപ്പാട്: മാതൃഭൂമി

 

click me!