ഒടുവിൽ ആ മരം മറിഞ്ഞുവീണു; അധികൃതരുടെ അനാസ്ഥയില്‍ തകര്‍ന്നത് യുവാവിന്‍റെ വീട്

Sumam Thomas |  
Published : Jul 17, 2018, 04:56 PM ISTUpdated : Oct 02, 2018, 04:23 AM IST
ഒടുവിൽ ആ മരം മറിഞ്ഞുവീണു; അധികൃതരുടെ അനാസ്ഥയില്‍ തകര്‍ന്നത് യുവാവിന്‍റെ വീട്

Synopsis

എട്ടുമാസത്തിലധികമായി പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല ഇന്നലെ രാവിലെ വീടിന് മുകളിലേക്ക് മരം മറിഞ്ഞു വീണു

എട്ടു മാസത്തോളമായി തന്റെ വീടിന് നേർക്ക് ചാഞ്ഞു നിൽക്കുന്ന മരം മുറിക്കാൻ അനുരാ​ഗ് എന്ന ചെറുപ്പക്കാരൻ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട്. പഞ്ചായത്ത്-വില്ലേജ്-താലൂക്ക് തലങ്ങളിൽ പരാതി നൽകിയിട്ടും യാതൊരു നടപടികളും അധികൃതർ സ്വീകരിച്ചില്ല. അവസാനം ഇന്നലെ പുലർച്ചെ രണ്ട് മണിക്ക് ആ മരം അനുരാ​ഗിന്റെ വീടിന് മുകളിലേക്ക് മറിഞ്ഞു വീണു. ആളപായമൊന്നുമില്ലെങ്കിലും തൊട്ടടുത്ത വീടിന്റെ സൺഷേ‍ഡും ഒരു ഭാ​ഗവും ഇടിഞ്ഞു വീണു. ഒരു പൗരന്റെ ജീവനും സ്വത്തിനും മേൽ എത്ര അലസമായിട്ടാണ് അധികാരി വർ​ഗം ശ്രദ്ധ നൽകുന്നത് എന്നതിന്റെ നേർക്കാഴ്ചയാണ് അനുരാ​ഗിന്റെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ.

എറണാകുളം ജില്ലയിലെ ആലുവ താലൂക്കിലെ ശ്രീമൂലന​ഗരം പഞ്ചായത്തിൽ വെള്ളാരപ്പള്ളി നിവാസിയാണ് അനുരാ​ഗ്. അമ്മയും ഷലീലയും അനിയത്തിയുമടങ്ങുന്ന ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം അന്തിയുറങ്ങുന്നത്. താമസിക്കുന്നത് ഒരു ദളിത് കോളനിയിലാണ്. അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി. ഏകദേശം എട്ട് മാസങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വർഷം നവംബറിലാണ് വീടിന് മുകളിലേക്ക് ചാഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റണമെന്ന് ഈ കുടുംബം പഞ്ചായത്തിൽ പരാതി നൽകിയത്. തൊട്ടടുത്ത വീട്ടുകാരുടെ സ്ഥലത്താണ് ഈ മരം നിൽക്കുന്നത്. എന്നാൽ പഞ്ചായത്ത്, വില്ലേജ്, റവന്യൂ റിക്കവറി ഓഫീസ് തുടങ്ങി പലയിടത്തും പരാതി എത്തിയിട്ടും അധികൃതർ ഈ കുടുംബത്തിന് നേരെ കണ്ണടയ്ക്കുകയായിരുന്നു. 
 
''കഴിഞ്ഞ വർഷം നവംബറിലാണ് മരം മുറിക്കണം എന്ന പരാതി പഞ്ചായത്ത് ഓഫീസിൽ നൽകിയത്. ഡിസംബറിൽ മരം മുറിക്കണമെന്ന് ഉടമയ്ക്ക് നോട്ടീസ് വന്നു. അതിന്റെ പകർപ്പ് ഞങ്ങൾക്ക് കിട്ടി. എന്നാൽ നടപടി ഒന്നും ആകാത്തതിനാൽ താലൂക്കിൽ പോയി. അവിടെ നിന്ന് വില്ലേജിൽ. അവസാനം ഫോർട്ട് കൊച്ചിയിൽ റവന്യൂ ഡിവിഷണൽ ഓഫീസിൽ വരെ പോയി പരാതി കൊടുത്തു. പഞ്ചായത്ത് വിചാരിച്ചാൽ മാത്രമേ എന്തെങ്കിലും നടക്കൂ എന്നായിരുന്നു അവരുടെ മറുപടി. അങ്ങനെ മാസങ്ങളോളം ഇവിടെയെല്ലാം കയറിയിറങ്ങി. പരാതി എന്തായി എന്നറിയാൻ വിവരാവകാശം കൊടുത്തപ്പോൾ അത് ലഭിക്കാൻ ഫീസടക്കണമെന്ന പ്രിന്റൗട്ട് ആണ് മറുപടിയായി ലഭിച്ചത്. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പറഞ്ഞത് ആ വീട്ടുകാരെ മുഷിപ്പിക്കാൻ പറ്റില്ല എന്നാണ്.'' അനുരാ​ഗ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. സംഭവ സ്ഥലം സന്ദർശിച്ച് വില്ലേജിൽ നിന്ന് റിപ്പോർട്ട് തയ്യാറാക്കി താലൂക്കിലേക്ക് അയച്ചു. എന്നാൽ താലൂക്കിൽ പൂഴ്ത്തിവച്ച ആ റിപ്പോർട്ട് വാങ്ങി അനുരാ​ഗ് നേരിട്ട് റവന്യൂ ഡിവിഷണൽ ഓഫീസിൽ നേരിട്ട് എത്തിക്കുകയായിരുന്നു. 

''എട്ടു മാസത്തിനിടെ ഏഴു തവണയാണ് അമ്മ അവരുടെ വീട്ടിൽ പോയി പരാതി പറഞ്ഞത്. അക്കാര്യത്തിലും യാതൊരു നടപടിയും ഉണ്ടായില്ല. അമ്മ രാത്രിയിൽ ഉറങ്ങിയിട്ടില്ല. എപ്പോൾ വേണമെങ്കിലും വീടിന് മുകളിലേക്ക് മരം വീഴുമെന്ന ആധിയിൽ രാത്രിയിൽ എഴുന്നേറ്റിരിക്കും. എന്തൊരു മാനസികാവസ്ഥയാണതെന്ന് അറിയാമോ? ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് മരം വീടിന് മുകളിലേക്ക് വീണത്. 11 കെ വി ഇലക്ട്രിക് പോസ്റ്റിലേക്ക് മരം വീണ് അതുൾപ്പെടെയാണ് വീടിന് മുകളിലേക്ക് വീണത്. കൃത്യം മരം വീണ സ്ഥലത്ത് ഞാനാണ് കിടക്കുന്നത്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ, ഞങ്ങളിലാരെങ്കിലും മരിച്ചെങ്കിൽ ചിലപ്പോൾ നാളെ ആരെങ്കിലുമൊക്കെ ഒറ്റമുറി വീടെന്ന് പറഞ്ഞ് കവിതയെഴുതിയേനെ. അപ്പോൾ ഇവരെല്ലാം ചേർന്ന് പെട്ടെന്ന് നടപടി എടുക്കുകയും ചെയ്യും.'' അനുരാ​ഗിന്റെ വാക്കുകളിൽ ഒരേസമയം രോഷവും നിസ്സഹായതയുമുണ്ട്. 

''ഇന്ന് രാവിലെ കാലവർഷക്കെടുതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ പരാതിയുമായിച്ചെന്ന അവർ മരം മറിഞ്ഞതിന്റെ ഫോട്ടോ എടുത്ത് കൊടുക്കാൻ പറഞ്ഞു ചൊവ്വര വന്നു പ്രിന്റ് എടുത്ത് കൊടുത്തപ്പോൾ അവർക്ക് കളർ പ്രിന്റ് തന്നെ വേണം. അതും ഗ്ലൈസിങ് പേപ്പറിൽ.  അവരുടെ അനാസ്ഥയാണ് ഇതിനെല്ലാം പിന്നിലെന്ന് ഇവരോട് ആര് പറയാൻ? ആണ് ഇവരെ ആരാണ് തിരുത്തുക?'' അനുരാ​ഗ് ചോദിക്കുന്നു. ദളിത് സമുദായാം​ഗവും വിധവയുമാണ് അനുരാ​ഗിന്റെ അമ്മ. രണ്ട് വർഷം മുമ്പാണ് വീടിന്റെ പണി പൂർത്തിയായത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം