
എറണാകുളം മഹാരാജാസ് കോളെജില്‍ കൊലചെയ്യപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ കുടുംബസഹായാര്‍ഥം രൂപീകരിച്ച ഫണ്ടിലേക്ക് ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് ഒരു ലക്ഷം രൂപ നല്‍കും. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം. അഭിമന്യുവിന്‍റെ കുടുംബസഹായാര്‍ഥം സിപിഎം ഫണ്ട് ശേഖരിക്കുന്ന വിവരം വിദേശത്തുവച്ച് ഫേസ്ബുക്കിലൂടെ അറിഞ്ഞ ആഷിക് ഉദ്യമത്തില്‍ പങ്കാളിയാവാനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നെന്ന് പി.രാജീവ് പറയുന്നു. മഹാരാജാസിലെ മുന്‍വിദ്യാര്‍ഥിയായ ആഷിക് അബു എസ്എഫ്ഐ നേതാവുമായിരുന്നു.
സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി, എറണാകുളം കമ്മിറ്റിയുടെയും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെയും സഹായത്തോടെ അഭിമന്യു കുടുംബസഹായ ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. ഫെഡറല്‍ ബാങ്കിന്‍റെ എറണാകുളം എംജി റോഡ് ബ്രാഞ്ചില്‍ ആരംഭിച്ച 12380200021782 എന്ന അക്കൗണ്ട് നമ്പരിലേക്ക് താല്‍പര്യമുള്ളവര്‍ക്ക് പണമയയ്‍ക്കാം. FDRL 0001238 എന്നതാണ് ഐഎഫ്എസ്‍സി കോഡ്.
അതേസമയം അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് ഇന്ന് പരിശോധന നടത്തി. മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലും ഒരേസമയമാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. കേസില്‍ പൊലീസ് തെരയുന്ന 12 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും അന്വേഷണസംഘം ശ്രമം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam