അഭിമന്യു വധം: സർക്കാരിനും പൊലീസിനും താല്‍ക്കാലിക ആശ്വാസം

By Web DeskFirst Published Jul 18, 2018, 12:16 PM IST
Highlights
  • അഭിമന്യുവിന്‍റെ കൊലപാതകം
  • സർക്കാരിനും പൊലീസിനും ആശ്വാസം
  • മുഖ്യപ്രതി മുഹമ്മദ് പിടിയിലായി
  • കൊലയാളിയെ തിരിച്ചറിയേണ്ടതുണ്ട്

കൊച്ചി: അഭിമന്യു വധക്കേസ് അന്വേഷണത്തിന്‍റെ പേരിൽ ഏറെ പഴികേട്ട സർക്കാരിനും പൊലീസിനും താല്‍ക്കാലിക  ആശ്വാസമാണ് മുഹമ്മദിന്‍റെ അറസ്റ്റ്. ഒരു കൊലയാളിയെക്കൂടി തിരിച്ചറിഞ്ഞ് പിടികൂടുകയാണ് അന്വേഷണസംഘത്തിന്‍റെ അടുത്ത കടന്പ. സംസ്ഥാന നേതാക്കളെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതോടെ  എസ്ഡിപിഐ കേന്ദ്രങ്ങൾ സമ്മ‍ദ്ദിത്തിലായതാണ് അറസ്റ്റിന് വഴിവെച്ചതെന്നും പറയപ്പെടുന്നുണ്ട്.  

പൊലീസിന്‍റെ മെല്ലോപ്പോക്കിനെതിരെ സിപിഎമ്മിൽ നിന്നടക്കം വിമർശനമുയർന്നത് മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഗതികേടുകൊണ്ടായിരുന്നു എസ്എഫ്ഐയും ഡിവൈ എഫ്ഐയും  പൊലീസിനെതിരെ ഒന്നും പറയാതിരുന്നത്. ആരും ഒന്നും മിണ്ടിപ്പോകരുതെന്ന് പാർട്ടി മേൽഘടകങ്ങളിൽ നിന്ന് നിർദേശവുമുണ്ടായിരുന്നു. 

ഇവ‍ർക്കെല്ലാം ആശ്വാസമാണ് മുഹമ്മദിന്‍റെ അറസ്റ്റ്. പരസ്യ പ്രതിഷേധം പ്രകടിപ്പിക്കാതെ മഹാരാജാസ് കാംപസിനുളളിൽ വ‍‍ർഗിയതക്കെതിരെ എസ്എഫ്ഐ 24 മണിക്കൂർ സമരം തുടങ്ങിയ ദിവസം തന്നെയാണ് മുഖ്യപ്രതി പിടിയിലായതും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 17 പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരിൽമുഹമ്മദടക്കം അഞ്ചു പേർ  പിടിയിലായി. 

ഗൂഡാലോചനയിലടക്കം പങ്കുളള മറ്റ് ആറുപേരും അറസ്റ്റിലായി. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞെങ്കിലും കുത്തിയതാരെന്ന കാര്യത്തിലാണ് ആശയക്കുഴപ്പം. കൂടുതൽ പ്രതികൾ പിടിയാലശേഷം ദൃക്സാക്ഷികളായ എസ്എഫ്ഐ വിദ്യാ‍ർഥികൾക്കുമുന്നിൽ തിരിച്ചറിയൽ പരേഡ് നടത്തി കൊലയാളിയാരെന്ന് ഉറപ്പിക്കാനാണ് നീക്കം.

click me!