
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ കൊലപാതകക്കേസിൽ വിചാരണ നടപടികള്‍ ഇന്നാരംഭിക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് പോലീസ് കണ്ടെത്തിയ 16 പ്രതികളുടെ വിചാരണ നടപടികളാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് തുടങ്ങുന്നത്.
കേസില്‍ ആകെ 27 പേരെയാണ് പോലീസ് പ്രതിചേർത്തത്. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് കണ്ടെത്തിയ 1 മുതല്‍ 16 വരെയുള്ള പ്രതികള്‍ക്കെതിരെ സെപ്റ്റംബറില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു. ഈ കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ രാവിലെ 11 മണിക്ക് നടപടികള്‍ ആരംഭിക്കും.
അറസ്റ്റിലായ 9 പേരില്‍ അഞ്ച് പേർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇനിയും പിടിയിലാകാനുള്ള 7 പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരില് ചിലർ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. അറസ്റ്റിലായ പ്രതികള്‍ എല്ലാവരെയും ഇന്ന് കോടതിയില്‍ ഹാജരാകും.
മഹാരാജാസ് കോളേജ് മൂന്നാംവർഷ വിദ്യാർത്ഥിയും ക്യംപസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദാണ് ഒന്നാം പ്രതി. കോളേജിലെ ചുവരെഴുത്തിനെചൊല്ലി എസ്എഫ്ഐ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് നിഗമനം. കേസിലെ പ്രതികളെല്ലാം പോപ്പുലർഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരാണ്.
കൊലപാതകം, സംഘംചേർന്ന് മർദിക്കല്‍, വധിക്കണമെന്ന ഉദ്ധേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വാദത്തിനായി സ്പെഷല്‍ പ്രോസിക്യൂട്ടർ അഡ്വ.ജി മോഹനരാജിനെ സർക്കാർ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഒളിവില്‍ പോകാനും മറ്റും പ്രതികളെ സഹായിച്ചതിന് പ്രതിചേർത്ത 11 പ്രതികളെകൂടി ഉള്‍പ്പെടുത്തി, രണ്ടാം കുറ്റപത്രവും പോലീസ് വൈകാതെ സമർപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam