ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനായി നൂറോളം ദമ്പതികള്‍

By Web DeskFirst Published Feb 17, 2018, 5:44 PM IST
Highlights

സിംല: കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആഗ്രമുറാദാബാദ് ഹൈവേ പരിസരത്തെ മാലിന്യക്കൂമ്പാരത്തില്‍ ആറുമാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി അവളുടെ ചിത്രം സഹിതമാണ് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇതോടെ കുട്ടിയെ അവകാശപ്പെട്ട് നൂറോളം ദമ്പതികളാണ് രംഗത്ത് വരികയായിരുന്നു. 

കുഞ്ഞിന്‍റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ അനാഥാലയത്തിലെ സൂപ്രണ്ട് രാകേഷ് സക്‌സേനയെത്തേടി ഒരു അഞ്ജാത ഫോണ്‍സന്ദേശമെത്തി. കുഞ്ഞിന്റെ മാതാപിതാക്കളുടെ സുഹൃത്താണ് താനെന്നും. ഡെറാഡൂണ്‍ സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞെന്നുമാണ് അജ്ഞാതന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. 

പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കുഞ്ഞിന്റെ ചിത്രം കണ്ട് തിരിച്ചറിഞ്ഞതിനാലാണ് താനിക്കാര്യം അറിയിക്കുന്നതെന്നും അയാള്‍ പറഞ്ഞു. കുഞ്ഞിന്റെ മാതാപിതാക്കള്‍ തമ്മില്‍ കുഞ്ഞിനെച്ചൊല്ലി സ്ഥിരം വഴക്കിടാറുണ്ടെന്നും കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള സംശയമാണ് വഴക്കിന് അടിസ്ഥാനമെന്നും അയാള്‍ വിശദീകരിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ടെലിഫോണ്‍ നമ്പറും അയാള്‍ നല്‍കി.

അഞ്ജാതനെക്കുറിച്ചു ലഭിച്ച വിവരങ്ങളത്രയും രാകേഷ് സക്‌സേന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് കൈമാറി. നൈനിറ്റാളില്‍ താമസിക്കുന്ന താന്‍ ഡെറാഡൂണിലാണ് ജോലി ചെയ്യുന്നത് എന്നാണ് അയാള്‍ അനാഥാലയത്തിലെ അധികൃതരോട് പറഞ്ഞത്. അനാഥാലയത്തിലെ സൂപ്രണ്ട് ചില വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളെ എത്രയും വേഗം കണ്ടെത്താന്‍ കഴിയുമെന്നും മുറാദാബാദ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ പ്രസിഡന്റ് വിശദീകരിച്ചു. 

ഇപ്പോള്‍ റാംപൂരിലെ അനാഥാലയത്തിലാണ് ഈ കുഞ്ഞ് വളരുന്നത്. പാരി എന്നാണ് അനാഥാലയത്തിലെ ജീവനക്കാര്‍ അവള്‍ക്കിട്ടപേര്. കുഞ്ഞിന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തിയശേഷം മാത്രമേ കുഞ്ഞിന്റെ കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളുകയുള്ളൂവെന്നും അതുവരെ അവള്‍ സുരക്ഷിതയായി അനാഥാലയത്തില്‍ കഴിയട്ടെയെന്നുമാണ് അധികൃതരുടെ വിശദീകരണം. 

കുഞ്ഞിനെ ദത്തെടുക്കാന്‍ തയാറാണെന്ന് പറഞ്ഞുകൊണ്ട് നിരവധി ദമ്പതിമാര്‍ രംഗത്തുവരുന്നുണ്ടെങ്കിലും കുഞ്ഞിന്റെ യഥാര്‍ഥ അവകാശികളെ കണ്ടെത്തണമെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

click me!