
തെലങ്കാന: ധർമസ്ഥലയിൽ നിന്ന് പരിശോധനയ്ക്കിടെ കിട്ടുന്ന ഏത് മൃതദേഹാവശിഷ്ടവും എസ്ഐടി ഏറ്റെടുത്ത് അന്വേഷിക്കും. ഇത് വരെ രണ്ട് സ്പോട്ടുകളിൽ നിന്നായി ആകെ കിട്ടിയത് നൂറോളം അസ്ഥിഭാഗങ്ങളാണ്. ഇന്നലെ മൃതദേഹാവശിഷ്ടം ലഭിച്ച പുതിയ സ്പോട്ടിനെ 11എ എന്ന് വിളിക്കാനും ഈ വനമേഖലയിൽ കൂടുതൽ പരിശോധന നടത്താനും തീരുമാനമായതായി എസ്ഐടി വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ധർമസ്ഥലയിൽ ഇന്നലെ കിട്ടിയ അസ്ഥികളിൽ ടിഷ്യു ഭാഗം ഉണ്ടായിരുന്നു. മൃതദേഹം കുഴിച്ചിട്ട നിലയിലുമായിരുന്നില്ല. നിലത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു അസ്ഥിഭാഗങ്ങൾ ഉണ്ടായിരുന്നത്. അടുത്ത് ഒരു മുണ്ടും മരത്തിൽ കെട്ടിത്തൂങ്ങിയ പോലെ ഒരു സാരി കുടുക്കിട്ടതും ഉണ്ടായിരുന്നു. അസ്ഥിയുടെ ടിഷ്യുവും മറ്റ് ഭാഗങ്ങളും ഉപയോഗിച്ച് ഫൊറൻസിക് പരിശോധനയിൽ പഴക്കം നിർണയിക്കാം. ഈ കേസടക്കം എസ്ഐടിയാണ് അന്വേഷിക്കുക.
അസ്വാഭാവിക മരണമായി കേസ് റജിസ്റ്റർ ചെയ്താകും അന്വേഷണം തുടങ്ങുക. സ്പോട്ട് നമ്പർ ആറിൽ നിന്നും ഇന്നലെ സാക്ഷി ചൂണ്ടിക്കാണിക്കാത്ത പുതിയ സ്പോട്ടിൽ നിന്നും ആകെ കിട്ടിയത് നൂറോളം അസ്ഥിഭാഗങ്ങളാണ്. ഇവയെല്ലാം ബെംഗളുരുവിലെ എഫ്എസ്എൽ ലാബിൽ എത്തിച്ചു. ഇന്നലെ കണ്ടെത്തിയ സ്പോട്ടിനെ 11 എ എന്നാണ് എസ്ഐടി അടയാളപ്പെടുത്തുക. ഈ മേഖലയിൽ മാത്രമല്ല, ബംഗളഗുഡ്ഡ എന്ന ഈ വനമേഖലയിലാകെ സാക്ഷി പറയുന്നതിനനുസരിച്ച് പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.
പൊലീസ് അതിര് കെട്ടിത്തിരിച്ച ഒരു പോയന്‍റ് മാത്രമാണ് ഇനി ബാക്കി. പതിമൂന്നാം പോയന്‍റ്. എന്നാൽ സാക്ഷി പൊലീസിനോട് പറഞ്ഞ സ്വകാര്യ ഭൂമിയിലെ രണ്ട് പോയന്‍റുകളും കല്ലേരി എന്നയിടത്തെ ഒരു പോയന്‍റിലുമടക്കം എപ്പോൾ പരിശോധന നടത്തുമെന്നതിൽ ഡിജിപിയാണ് അന്തിമ തീരുമാനമെടുക്കുക. ഇതിനിടെ ധർമസ്ഥലയിൽ 2002-നും 2003-നും ഇടയിൽ പതിനഞ്ച് വയസ്സ് പ്രായമുള്ള കുട്ടിയുടെ മൃതദേഹം ഒരു പരിശോധനയും കേസുമില്ലാതെ മറവ് ചെയ്യുന്നത് കണ്ടിട്ടുണ്ടെന്ന് കാട്ടി ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി അംഗം ടി ജയന്ത് പരാതി നൽകി. നാൽപ്പതുകാരി ആത്മഹത്യ ചെയ്തതാണെന്ന് നാട്ടുകാരോട് പറഞ്ഞാണ് മൃതദേഹം മറവ് ചെയ്തതെന്നും ഇതിന് പൊലീസും കൂട്ടുനിന്നെന്നും ജയന്ത് ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam