മുൻ ഡി ജി പി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകിയതിന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി 25,000 രൂപ പിഴ ചുമത്തി. അന്വേഷണത്തിനായി കേരളം അപേക്ഷ നൽകിയില്ലെന്ന് ആദ്യം അറിയിച്ച കേന്ദ്രം, പിന്നീട് നിലപാട് തിരുത്തുകയായിരുന്നു

ദില്ലി: മുൻ ഡി ജി പി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതിക്കേസിൽ തെറ്റായ വിവരം ധരിപ്പിച്ചതിന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ പ്രഹരം. കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോ എന്ന് ചോദിച്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിന് പിഴയും ചുമത്തി. 25,000 രൂപയാണ് പിഴ ചുമത്തിയത്. നെതർലാൻഡിലേക്ക് അന്വേഷണത്തിന് പോകാനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളും അപേക്ഷയും കേരള സർക്കാർ നൽകിയില്ലെന്ന് കേന്ദ്രത്തിനായി ഹാജരായ അ‍ഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു രാവിലെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും വിവരങ്ങൾ ധരിപ്പിച്ചെന്നും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് എന്നിവർ കോടതിയിൽ വ്യക്തമാക്കി. തുടർന്ന് ഉച്ചയ്ക്ക് കേസ് വീണ്ടും പരിഗണിച്ചപ്പോൾ കേന്ദ്രം നിലപാട് തിരുത്തി. ഇതോടെ രൂക്ഷമായ വിമർശനം നടത്തിയാണ് സുപ്രീം കോടതി പിഴ ചുമത്തിയത്. കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോ എന്ന് ചോദിച്ച കോടതി, ഉത്തരവാദിത്തമില്ലാത്ത ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി പിഴ ഒടുക്കാൻ ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ 50,000 രൂപ പിഴ ചുമത്തുന്നുവെന്നാണ് ആദ്യം പറഞ്ഞത്. അ‍ഡിഷണല്‍ സോളിസിറ്റര്‍ ജനറലുടെ അഭ്യര്‍ഥന പരിഗണിച്ച് പിന്നീട് പകുതിയായി കുറയ്ക്കുകയായിരുന്നു.