സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പ്രവാസികള്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി പൊലീസ്

By Web DeskFirst Published Apr 3, 2018, 9:17 PM IST
Highlights

നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ ഫോണ്‍ നമ്പറുകള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു.

അബുദാബി: വാട്സ്ആപ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. വിശ്വസനീയമായ മറ്റ് വെബ്‍സൈറ്റുകളുടെ ലോഗോയും ട്രേഡ്‍മാര്‍ക്കുകളുമൊക്കെ ഉപയോഗിച്ചുള്ള തട്ടിപ്പുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടല്‍. ഉപഭോക്താക്കളുടെ വിവിധ യൂസര്‍നെയിമുകള്‍, പാസ്‍വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ തുടങ്ങിയവ കൈക്കലാക്കിയാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 

വാട്സ്ആപ് ഉപയോഗിക്കാത്തവരുടെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് വ്യാജ സന്ദേശങ്ങള്‍ അയക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. സിം ഇടാതെ തന്നെ പ്രത്യേക ആക്ടിവേഷന്‍ കോഡ് ഉപയോഗിച്ച് വാട്സ്ആപ് ഇന്‍സ്റ്റാള്‍ കഴിയുന്ന സൗകര്യമാണ് ഇതിനായി ഉപയോഗിക്കുന്നത്. എസ്.എം.എസ് ആയി ഫോണില്‍ ലഭിക്കുന്ന ഈ ആക്ടിവേഷന്‍ കോഡ് ലഭിക്കാനായി ആദ്യം ഫോണ്‍ ചെയ്യും. ഇതുപയോഗിച്ച് തട്ടിപ്പുകാര്‍ അവരുടെ ഫോണില്‍ വാട്സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഇതില്‍ നിന്ന് മറ്റുള്ളവര്‍ക്ക് വ്യാജ സന്ദേശങ്ങള്‍ അയക്കുകയാണ് ചെയ്യുന്നത്. സമ്മാനങ്ങള്‍ ലഭിച്ചുവെന്ന് കാണിച്ച് അയക്കുന്ന ഈ സന്ദേശങ്ങള്‍ വഴി രഹസ്യവിവരങ്ങള്‍ കൈക്കലാക്കി പണം തട്ടും. 

നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ ഫോണ്‍ നമ്പറുകള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു. അജ്ഞാതര്‍ അയക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക, ഫോണില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യരുത്.  ഇത്തരം തട്ടിപ്പുകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

 

click me!