സ്വന്തം മണ്ണില്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് സൗദി രാജകുമാരന്‍

By Web DeskFirst Published Apr 3, 2018, 8:35 PM IST
Highlights
  • ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രത്തെ പരോക്ഷമായി അംഗീകരിക്കുന്ന എംഎസ്ബിയുടെ പ്രസ്താവന പരമ്പരാഗതമായി സൗദ്ദി പുലര്‍ത്തി പോരുന്ന നിലപാടുകളില്‍ നിന്നുള്ള വഴിമാറ്റമായാണ് വിലയിരുത്തപ്പെടുന്നത്

റിയാദ്: ഇറാനെ നേരിടാന്‍ സൗദി ഇസ്രയേലുമായി കൈകോര്‍ത്തേക്കുമെന്ന നിരീക്ഷണങ്ങളെ ശക്തമാക്കി കൊണ്ട് ഇസ്രയേല്‍ അനുകൂല പ്രസ്താവനയുമായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. സ്വന്തം മണ്ണില്‍ സമാധാനപൂര്‍വം ജീവിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് അമേരിക്കന്‍ മാസികയായ ദ അറ്റ്‌ലാന്റിക്കിന് നല്‍കിയ അഭിമുഖത്തില്‍ രാജകുമാരന്‍ പറഞ്ഞു. 

സ്വന്തം രാഷ്ട്രം എന്ന ജൂതരുടെ അവകാശത്തെ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സ്വന്തം മണ്ണില്‍ പലസ്തീനും ഇസ്രയേലിനും അവകാശമുണ്ട്. പക്ഷേ ഒരു സമാധാന കരാര്‍ യഥാര്‍ത്ഥ്യമാക്കി എല്ലാവരുടേയും സ്ഥിരത ഉറപ്പുവരുത്തിയാലെ സാധാരണ രീതിയുള്ള ബന്ധം എല്ലാവരും തമ്മില്‍ ഉറപ്പാക്കാന്‍ സാധിക്കൂ.ജെറുസലേമിലെ വിശുദ്ധ പള്ളിയുടെ നിലനില്‍പ്പിലും പലസ്തീന്‍ ജനതയുടെ അവകാശങ്ങളിലും ഞങ്ങള്‍ക്ക് ആശങ്കകളുണ്ട്. അതല്ലാതെ ആരോടും ഞങ്ങള്‍ക്ക് വെറുപ്പില്ല..... എം.ബി.എസ് എന്നറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറയുന്നു.

ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രത്തെ പരോക്ഷമായി അംഗീകരിക്കുന്ന എം.ബി.എസ്  പ്രസ്താവന പരമ്പരാഗതമായി സൗദ്ദി പുലര്‍ത്തി പോരുന്ന നിലപാടുകളില്‍ നിന്നുള്ള വഴിമാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസം ഇസ്രയേലിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തിന് സൗദിയ്ക്ക് മേലെ പറക്കാന്‍ അനുമതി ലഭിച്ചപ്പോള്‍ മുതല്‍ ഇസ്രയേല്‍-സൗദി ബന്ധത്തിലുണ്ടായിക്കൊണ്ടിരക്കുന്ന മാറ്റങ്ങള്‍ ലോകം കൗതുകപൂര്‍വ്വമാണ് കാണുന്നത്. 

ഇറാന്റെ ശത്രുപക്ഷത്ത് നില്‍ക്കുന്ന രാജ്യങ്ങളാണ് സൗദിയും ഇസ്രയേലും. എം.ബി.എസ്  അധികാരത്തിലെത്തിയാല്‍ ഇറാനെ നേരിടാന്‍ ഇരുരാജ്യങ്ങളും ഒന്നിക്കാനുള്ള വലിയ സാധ്യതയാണ് പശ്ചാത്യനിരീക്ഷകര്‍ പ്രവചിക്കുന്നത്. ഇരുവരുടേയും അടുത്ത പങ്കാളിയായ അമേരിക്ക ഇറാന്റെ ശത്രുപക്ഷത്താണെന്നതും ആ സാധ്യത ശക്തമാക്കുന്നു.

അതേസമയം സൗദിയുടെ ഭരണനിയന്ത്രണം കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തത് മുതല്‍ ശക്തമായ നടപടികളിലൂടെ രാജ്യത്തിന്റെ പ്രതിച്ഛായ പൊളിച്ചെഴുത്തുകയാണ് എം.ബി.എസ്  രാജകുമാരന്‍. ശരീഅത്ത് നിയമങ്ങളില്‍ ഇളവ് വരുത്തി സ്്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും അവകാശങ്ങളും അനുവദിച്ചു കൊടുത്ത രാജകുമാരന്‍ ക്രൂഡോയില്‍ വിപണിയെ കേന്ദ്രീകരിച്ചു നില്‍ക്കുന്ന സൗദി സമ്പദ് വ്യവസ്ഥയെ പൊൡച്ചു പണിയാനുള്ള ശ്രമത്തിലാണ്. 

click me!