
ആലപ്പുഴ: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കട്ടിലില്‍ നിന്ന് ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടക്കുന്ന മകന്‍റെ തുടര്‍ചികിത്സയ്ക്ക് പണമില്ലാതെ മാതാപിതാക്കള്‍. മാന്നാര്‍ പരുമല ഉഴത്തില്‍ ആന്‍റണി സേവ്യര്‍ ലിസി ദമ്പതികളുടെ മൂത്തമകന്‍ മാത്യു കെ. ആന്‍റണി ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട് എഴുവര്‍ഷത്തിലധികമായി കിടപ്പിലാണ്.
2011 ഒക്ടോബര്‍ 25 ന് നടന്ന അപകടത്തെ തുടര്‍ന്ന് കോമ അവസ്ഥയിലാകുകയായിരുന്നു മാത്യു. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് മാത്യു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ചെന്ന് ഇടിക്കുകയായിരുന്നു. തലയോട്ടി തകര്‍ന്ന മാത്യുവിനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയോട്ടിയുടെ ഒരു വശം പൂര്‍ണ്ണമായി തകര്‍ന്ന നിലയിലായിരുന്നു. കോമ സ്ഥിതിയിലായ മാത്യുവിന് തുടര്‍ന്ന് അഞ്ചു സര്‍ജറികള്‍ നടത്തി.
പരുമല സ്വകാര്യ ആശുപത്രിയിലും വൈക്കം ചെമ്മനാകരി ഇന്റോ അമേരിക്കൻ ആശുപത്രിയിലും തുടങ്ങി വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തി. കിടപ്പാടം വരെ വിറ്റ് മാത്യുവിനെ ചികിത്സിച്ച കുടുംബം ഇപ്പോള്‍ താമസിക്കുന്നത് വാടക വീട്ടിലാണ്. ഇതുവരെ മാത്യുവിന്‍റെ ചികിത്സയ്ക്കായി 80 ലക്ഷത്തിലധികം രൂപ ചിലവാക്കി. ഇനിയും ചികിത്സ തുടരണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കണം.
ഉൾനാടൻ മൽസ്യതൊഴിലാളിയായിരുന്ന ആന്‍റണിയുടെ തുച്ഛമായ വരൂമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത് . തുടര്‍ചികിത്സക്ക് പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങുകയായിരുന്നു.ഹെല്‍ത്ത് സെന്‍ററില്‍ നിന്നും ഡോക്ടര്‍ വീട്ടില്‍ വന്ന് ചികിത്സിക്കുന്നുണ്ട്.
ഇടക്ക് മകന്‍ കണ്ണുതുറക്കുമെന്നും കണ്ണില്‍ കൂടി കണ്ണീര്‍ വരുമെന്നും മാതാപിതാക്കള്‍ പറയുന്നു. മകന്‍ എല്ലാം അറിയുന്നെണ്ടെന്നാണ് മാതാവ് ലിസി പറയുന്നത്. സ്റ്റുഡിയോ തുടങ്ങി ആറാം മാസമാണ് മാത്യു അപകടത്തില്‍പ്പെട്ടത്. സ്വന്തമെന്നു പറയാന്‍ ഇനി ഒന്നുമില്ലാത്തതിനാൽ ഇപ്പോൾ തികച്ചും നിസഹായാവസ്ഥയിലാണ് ഈ കുടുംബം. ഫെഡറൽ ബാങ്ക് മാന്നാർ ശാഖയിൽ മാത്യുവിനെ സഹായിക്കാനായി അകൗണ്ട് തുറന്നിട്ടുണ്ട്
AC.no : 113 10100155 I42.
IFSC Code FDRLO00 1131.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam