കുറ്റിപ്പുറം കൊലപാതകം; പ്രതിപിടിയില്‍

By Web DeskFirst Published Aug 23, 2016, 7:22 AM IST
Highlights

മലപ്പുറം: കുറ്റിപ്പുറത്ത് സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി വളാഞ്ചേരി പോലീസിന്‍റെ പിടിയിലായി. തമിഴ്‌നാട് കടലൂർ വടക്കുമാങ്കുടി കത്രിമേട് ദേവദാസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 10 നാണു കുറ്റിപ്പുറത്ത് കൊലപാതകം നടന്നത്.

കുറ്റിപ്പുറം റൊയില്‍വേ സമീപം സബ് രജിസ്ട്രാർ ഓഫീസിനു മുന്നിലെ വാടകമുറിയിൽ സിദ്ധിഖിനെ തലയ്ക്കു മാരകമായി പരിക്കേറ്റു മരിച്ച നിലയിൽ സമീപവാസികൾ കണ്ടത്. സിദ്ധിഖും തമിഴ്‌നാട് സ്വദേശി നടരാജനും പ്രതി ദേവദാസ് എന്നിവരും ഏതാനും മാസങ്ങളായി ഒരു മുറിയിലാണ് താമസിച്ചിരുന്നത്.വാടക നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞ മാസം മൂന്നു ദിവസം മാത്രം മുറിയിൽ താമസിച്ചതിനു വാടക ചോദിച്ച സിദ്ധീഖിനെ മദ്യ ലഹരിയിലായിരുന്നു പ്രതി കൈയ്‌ക്കോട്ടു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണിലെ സിം എടുത്തു കളഞ്ഞു തമിഴ്‍നാട്ടിലേക്കു രക്ഷപ്പെട്ടു. സംഭവ സമയത്തു മുറിയിൽ ഉണ്ടായിരുന്ന നടരാജനും ഭയം മൂലം  തമിഴ്‌നാട്ടിലേക്ക് പോയി. ഇയാളെ തഞ്ചാവൂരിൽ നിന്നും പിടിക്കൂടിയപ്പോഴാണ് പ്രതിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

എന്നാൽ പ്രതിക്ക് മൊബൈലോ മറ്റു രേഖകളോ ഇല്ലാതിരുന്നതിനാൽ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഇയാള്‍  മുമ്പ് താമസിച്ചിരുന്ന  പെരിന്തൽമണ്ണയിലെ തൂതയിൽ നിന്നും ഫോട്ടോ ലഭിച്ചു. പ്രതിയുടെ മൊബൈൽ നമ്പറിൽ നിന്നും തിരുപ്പൂരിൽ ജോലി ചെയ്യുന്ന മകൾക്കു വിളിച്ചിരുന്നതായും പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരിലെ സ്വകാര്യ തുണിമില്ലിൽ സെക്യുരിറ്റി ആയി ജോലി ചെയ്യുകയായിരുന്ന ഇയാളെ പിടികൂടിയത്.

പ്രതിയെ കൃത്യം നടന്ന കുറ്റിപ്പുറത്തെ മുറിയിൽ കൊണ്ടുവന്നു തെളിവെടുത്തു. തിരൂർ ഡി.വൈ.എസ്.പി. സന്തോഷിന്റെ നേതൃത്വത്തിൽ   മലപ്പുറം എസ്.പി. ദേബേഷ് ബഹ്റയുടെ പ്രത്യേക അന്വേഷണ സംഘങ്ങൾ ആയ അബ്ദുൽ അസീസ്, ജയപ്രകാശ്, കുറ്റിപ്പുറം സ്റ്റേഷനിലെ രാജേഷ്, സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

click me!