രണ്ടു കപ്പലുകൾക്ക് നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും കൂടുതൽ കപ്പലുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ പ്രശ്നപരിഹാരത്തിന് ചർച്ചകൾ തുടങ്ങിയത്. അതിനിടെ, ഇന്ത്യ മരുന്നുകൾ കൈമാറിയതിന് ഇറാൻ സർക്കാർ നന്ദി അറിയിച്ചു.

ദില്ലി: ഇറാൻ തീരത്തുള്ള ഇന്ത്യൻ എണ്ണ ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാനുള്ള അനുവാദത്തിന് ചർച്ചകൾ സജീവമാക്കി ഇന്ത്യ. രണ്ടു കപ്പലുകൾക്ക് നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും കൂടുതൽ കപ്പലുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ പ്രശ്നപരിഹാരത്തിന് ചർച്ചകൾ തുടങ്ങിയത്. അതിനിടെ, ഇന്ത്യ മരുന്നുകൾ കൈമാറിയതിന് ഇറാൻ സർക്കാർ നന്ദി അറിയിച്ചു. രാജ്യത്തിനുള്ളിലെ എൽപിജി ഉൽപാദനം കേന്ദ്രസർക്കാർ നാൽപത് ശതമാനം കൂട്ടി.

21 ഇന്ത്യൻ ചരക്കു കപ്പലുകളും ടാങ്കറുകളുമാണ് ഇപ്പോഴും ഹോർമുസ് കടലിടുക്കിലുള്ളത്. ഇവയിലെല്ലാമായി 611 ഇന്ത്യൻ ജീവനക്കാരുണ്ട്. ഈ കപ്പലുകൾക്കും ടാങ്കറുകൾക്കും ഹോർമുസ് കടലിടുക്ക് വഴി വരുന്നതിന് ഇറാന്റെ അനുമതി പ്രതീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. നേരത്തെ 2 എൽപിജി ടാങ്കറുകൾക്ക് ഇറാൻ അനുമതി നൽകിയിരുന്നു, ഇറാനുള്ള മാനുഷിക പരി​ഗണന എന്ന നിലയ്ക്ക് ഇറാനിയൻ റെഡ് ക്രസന്റിന് ഇന്നലെ സർക്കാർ മരുന്നുകൾ കൈമാറിയിരുന്നു. ദില്ലിയിലെ ഇറാൻ എംബസിയിലെത്തിച്ച മരുന്നുകൾ ഇറാന്റെ അതിർത്തി രാജ്യങ്ങളിലേക്ക് കൊണ്ടുപോയ ശേഷം റോഡ് മാർഗം റെഡ് ക്രസന്റ് ഇറാനിലെത്തിക്കാനാണ് സാധ്യത.

അതിനിടെ, രാജ്യത്തെ എൽപിജി ലഭ്യത ആശങ്കയായി തുടരുന്നെങ്കിലും ഇന്ത്യക്കുള്ളിലെ ഉൽപാദനം നാല്പത് ശതമാനം കൂട്ടാനായത് ആശ്വാസമാണെന്ന് സർക്കാർ പറയുന്നു. പ്രതിസന്ധി പരി​ഹരിക്കാൻ പൈപ്പ് വഴിയുള്ള ​ഗ്യാസ് വിതരണം കൂടുതൽ മേഖലകളിലേക്ക് എത്തിക്കാൻ സർക്കാർ നീക്കം തുടങ്ങി. ‌‍‌പിഎൻജി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങൾക്ക് തൽകാലം കേന്ദ്ര കോട്ടയിൽനിന്നും പത്ത് ശതമാനം എൽപിജി അധികമായി നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റുമായും കുവൈറ്റ് കിരീടാവകാശിയുമായും ഇതിനകം ചർച്ച നടത്തി. ഹോർമുസ് വഴിയുള്ള ഊർജ നീക്കവും ഈ സംഭാഷണങ്ങളിൽ ചർച്ചയായി.

YouTube video player