വ്യക്തിപൂജ വിവാദം; പി ജയരാജനെതിരായ നടപടി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി

By Web DeskFirst Published Jan 2, 2018, 6:41 AM IST
Highlights

കണ്ണൂര്‍: വ്യക്തിപൂജ വിവാദത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് എതിരായ സംസ്ഥാന സമിതിയുടെ നടപടി ജില്ലയിലെ ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. വ്യക്തിയല്ല പാര്‍ട്ടിയാണ് വലുത് എന്ന് വ്യക്തമാക്കിയ കല്‍ക്കട്ട പ്ലീനം നിലപാട് ജയരാജന്‍ ലംഘിച്ചുവെന്ന് ബ്രാഞ്ചുകളില്‍ വായിച്ച അഞ്ച് പേജ് ഉള്ള സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു. ഇന്നലെ മുതലാണ് നടപടി ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.

ദൈവദൂതനായി വാഴ്ത്തിയുള്ള ജീവിതരേഖയും ജയരാജനെ മഹത്വവത്കരിച്ച് പുറച്ചേരി ഗ്രാമീണ കലാവേദി പുറത്തിറക്കിയ സംഗീതശില്‍പവും ഭാവി ആഭ്യന്തര മന്ത്രിയായി കാണിച്ച് കണ്ണൂരില്‍ ഉയര്‍ന്ന ഫ്ലെക്സുകളുമാണ് നടപടിക്കാധാരം. പി ജയരാജന്‍ നേരിട്ടാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തിയത് എന്ന് സംസ്ഥാന സമിതി കരുതുന്നില്ല. പക്ഷെ വ്യക്തിയിലേക്ക് കേന്ദ്രീകരിച്ച പ്രചാരണങ്ങള്‍ നടന്നിട്ടും തടയാന്‍ ജരാജന്‍ ശ്രമിച്ചില്ല എന്ന് സര്‍ക്കുലര്‍ പറയുന്നു.

വീഴ്ചകള്‍ എണ്ണിയെണ്ണി പറഞ്ഞുള്ള ജയരാജന് എതിരായ നടപടിയുടെ റിപ്പോര്‍ട്ടിങ് ആണ് ഇപ്പോള്‍ വിളിച്ചുചേര്‍ക്കുന്ന ബ്രാഞ്ച് യോഗങ്ങളുടെ പ്രധാന അജണ്ട. ജില്ലാ സമ്മേളന ഒരുക്കമാണ് മറ്റൊരു പ്രധാന അജണ്ട. അഞ്ച് പേജ് ഉള്ള സര്‍ക്കുലര്‍ നിശ്ചയിക്കപ്പെട്ട ഏരിയ കമ്മിറ്റി അംഗം നേരിട്ടെത്തിയാണ് ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ട്ടി എന്നതില്‍ ഉപരി വ്യക്തികളില്‍ ആകൃഷ്ടരായി പാര്‍ട്ടിയിലേക്ക് ആള്‍ക്കൂട്ടം എത്തുന്ന പ്രവണതയെയും സൂചിപ്പിക്കുന്നുണ്ട്.  

ജയരാജനെ ദൈവദൂതനായി വാഴ്ത്തിയ ഈ ജീവിതരേഖയാണ് നവംബറില്‍ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ പ്രധാന ചര്‍ച്ചാവിഷയമായത്. സ്വയം വാഴ്ത്തിയുള്ള പ്രചാരണങ്ങള്‍ സംസ്ഥാന നേതൃപദവിയിലേക്ക് ഉയരാനുള്ള ശ്രമമായാണ് റിപ്പോര്‍ട്ടിംഗിലെ വിലയിരുത്തല്‍. അതേസമയം പാര്‍ട്ടിക്ക് വേണ്ടി ജയരാജന്‍ സഹിച്ച ത്യാഗങ്ങളെയും സര്‍ക്കുലര്‍ അവസാന ഭാഗത്ത് പരാമര്‍ശിക്കുന്നുണ്ട്.
 

click me!