
മാനന്തവാടി: തിരുനെല്ലി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നേരിട്ട ദുരിതത്തിന് ആശ്വാസം. സ്കൂളിലെ 3 ക്ലാസുകളിലെ വിദ്യാർത്ഥിനികളെ മാറ്റി. കൂടാതെ നാല് ബയോ ടോയ്ലറ്റുകളും എത്തിച്ചു. 5, 6, 7 ക്ലാസുകളിലെ 36 വിദ്യാർത്ഥിനികളെയാണ് കണിയാമ്പറ്റയിലെ എംആര്‍എസ് സ്കൂളിലേക്ക് മാറ്റിയത്. പ്രത്യേക കെഎസ്ആർടിസി ബസിലാണ് കുട്ടികളെ കണിയാമ്പറ്റയിൽ എത്തിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.
വയനാട് ആദിവാസി വിഭാഗക്കാരുടെ റെസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാർത്ഥികളോടുള്ള ക്രൂരതയാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്. 127 പെണ്‍കുട്ടികള്‍ ജൂലൈ മുതല്‍ താമസിക്കുന്നത് സ്കൂളിലെ മൂന്ന് ക്ലാസുമുറികളിലായിരുന്നു. എല്ലാവർക്കും കൂടി ഉപയോഗിക്കാൻ ആകെ ഒറ്റ ശുചിമുറി മാത്രം. മന്ത്രി ഒ ആർ കേളുവിന്‍റെ പഞ്ചായത്തായ തിരുനെല്ലിയിലാണ് മനുഷ്യത്വമില്ലാത്ത ഈ നടപടി. ഹോസ്റ്റല്‍ അപകടാവസ്ഥയിലായത് കൊണ്ടാണ് കുട്ടികളെ ക്ലാസ് മുറികളിലേക്ക് മാറ്റേണ്ടിവന്നതെന്നും സ്കൂള്‍ ആറളത്തേക്ക് മാറ്റാനുള്ള നടപടിയിലാണെന്നും ആയിരുന്നു സംഭവത്തിൽ സൂപ്രണ്ടിന്റെ പ്രതികരണം.
257 ആദിവാസി വിഭാഗക്കാരായ വിദ്യാർത്ഥികള്‍ താമസിച്ച് പഠിക്കുന്ന വയനാട്ടിലെ ഗവണ്‍മെൻറ് ആശ്രമം ഹൈസ്കൂളിലാണ് അധികൃതരുടെ കണ്ണില്‍ചോരയില്ലാത്ത ഈ ക്രൂരത. 127 വിദ്യാർത്ഥിനികളുള്ള ഹോസ്റ്റല്‍ കെട്ടിടം ഏത് നിമിഷവും തകർന്ന് വീഴുമെന്ന നിലയില്‍ ആയപ്പോഴാണ് ജൂലൈയില്‍ പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കിയത്. ഇതോടെ അധികൃതർക്ക് പെണ്‍കുട്ടികളെ സ്കൂളിലെ 3 ക്ലാസ് മുറികളിലേക്കായി മാറ്റേണ്ടി വന്നു. ഓരോ ചെറിയ ക്ലാസ് മുറികളിലും നാല്‍പ്പതോളം കുട്ടികള്‍ വീതം ഞെങ്ങി ഞെരുങ്ങി കഴിയേണ്ട സാഹചര്യമായി.
അവിടെയും തീർന്നില്ല. ഈ 127 പേര്‍ക്കുമായി സ്കൂളില്‍ ഉള്ളത് ഒറ്റ ശുചിമുറി മാത്രമായിരുന്നു. അതും സ്കൂളിലെ ജീവനക്കാരുടേത്. ആറളം ഫാമിലെ കെട്ടിടത്തിലേക്ക് മാറ്റാൻ വളരെ മുൻപ് തന്നെ തീരുമാനിച്ച സ്കൂളായിരുന്നു ഇത്. എന്നാല്‍ ആറളത്ത് വൈദ്യുതി കണക്ഷൻ കിട്ടിയില്ലെന്ന കാരണം ഉന്നയിച്ച് സ്കൂളിലെ കുട്ടികളെ നിലവിലെ ദുരിത സാഹചര്യത്തില്‍ തന്നെ തുടരാൻ വിടുകയായിരുന്നു അധികൃതർ. അതേസമയം ഇത്രയും കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ കെട്ടിടത്തിന് തൊട്ട് ചേർന്നിരിക്കുകയാണ് അപകടാവസ്ഥയിൽ ഉള്ള ഹോസ്റ്റല്‍ കെട്ടിടം.
പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്‍റെ മണ്ഡലത്തില്‍ അദ്ദേഹത്തിന്‍റെ സ്വന്തം പഞ്ചായത്തിലാണ് ആദിവാസി വിഭാഗക്കാർക്ക് ഈ ദുരിതം നേരിടേണ്ടി വന്നത്. ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയിലെന്ന പിഡബ്ലുഡി നോട്ടീസ് കിട്ടയതിനാലാണ് കുട്ടികളെ ക്ലാസ് മുറികളില്‍ താമസിപ്പിക്കേണ്ടി വന്നതെന്ന് സീനിയർ സൂപ്രണ്ട് പറഞ്ഞു സംഭവത്തിൽ പ്രതിഷേധവും ശക്തമായിരുന്നു. യുവമോർച്ചയും യൂത്ത് കോൺഗ്രസും മാനന്തവാടിയിലെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലേക്ക് മാർച്ച് നടത്തുകയും ദേശീയ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും കെഎസ്‌യു പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam