
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനം തുടരുകയാണ്. കനത്ത സുരക്ഷയാണ് ജില്ലയിൽ ഏർപ്പെടുത്തിരിക്കുന്നത്. ഇതിനിടെ വഴിയിൽ കാത്തുനിന്ന കുട്ടികളെ രാഷ്ട്രപതി ദ്രൗപതി മുർമു കണ്ടു. വർക്കല ഹെലിപാടിൽ നിന്നും ശിവഗിരിയിലേക്കുള്ള യാത്രമധ്യേ ആണ് വഴിയിൽ നിന്ന കുട്ടികളെ രാഷ്ട്രപതി കണ്ടത്. തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങുകയും കുട്ടികളെ നേരിൽ കാണുകയും ചെയ്തു. വർക്കല മോഡൽ ഹയർസെക്കൻ്ററി സ്‌കൂളിലെ വിദ്യാർത്ഥികളാണ് രാഷ്ട്രപതിയുടെ വരവ് കാത്ത് വഴിയരികിൽ നിന്നത്. സ്കൂളിൽ കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കൾ കുട്ടികൾ രാഷ്ട്രപതിക്ക് സമ്മാനിക്കുകയും ചെയ്തു.
വാഹന വ്യൂഹത്തിൽ നിന്നുമിറങ്ങി രാഷ്ട്രപതി കുട്ടികളുടെ അരികിലേക്കെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണിതെന്നും രാഷ്ട്രപതിയെ കാണാനായതിൽ വളരെയധികം സന്തോഷമെന്നും വിദ്യാർത്ഥികൾ പറയുന്നു.
രാവിലെ രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെആർ നാരായണന്‍റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് രാഷ്ട്രപതി ശിവഗിരിയിലേക്ക് തിരിച്ചത്. ശിവഗിരിയിൽ മഹാസമാധി ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് എത്തിയത്. ഉച്ചയ്ക്ക് കോട്ടയത്തേക്ക് തിരിക്കുന്ന രാഷ്ട്രപതി വൈകീട്ട് പാലാ സെൻറ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാല് മണിക്ക് ഹെലികോപ്റ്റർ മാർഗം പാലയിൽ എത്തും. തുടർന്ന് ഹെലികോപ്റ്ററിൽ കോട്ടയം പൊലീസ് ഗ്രൗണ്ടിൽ ഇറങ്ങി റോഡ് മാർഗം കുമരകത്തേക്ക് പോകും. കുമരകത്താണ് ഇന്ന് തങ്ങുക. നാളെ രാവിലെ കുമകരകത്ത് നിന്ന് റോഡ് മാർഗം കോട്ടയം പൊലീസ് ഗ്രൗണ്ടിൽ എത്തിയ ശേഷം കൊച്ചിയിലേക്ക് പോകും. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയിലാണ് ജില്ല. നാളെ കൊച്ചിയിലാണ് രാഷ്ട്രപതിയുടെ പരിപാടികള്‍.