
കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നാവശ്യപ്പെട്ട് നൽകിയ നടി തന്നെ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതി സുനിൽ കുമാർ ഹൈക്കോടതിയിൽ. പുതിയ ഹർജിയാണ് സുനിൽ കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
പ്രത്യേക കോടതി വേണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള ആവശ്യങ്ങൾ കേസ് നീട്ടിക്കൊണ്ടുപോകാനാണ് എന്നാണ് സുനിൽ കുമാറിന്‍റെ വാദം. നിലവിൽ എറണാകുളം സെഷൻസ് കോടതിയിൽ സുഗമമായാണ് കേസിന്‍റെ വാദം നടക്കുന്നത്. അത് വേറെ കോടതിയിലേക്ക് മാറ്റേണ്ടതില്ല. മറ്റ് ജില്ലകളിലേക്ക് കേസ് മാറ്റുന്നത് വിചാരണ നീളാൻ കാരണമാകും. കേസിലെ പ്രതികളും പ്രധാന സാക്ഷികളും എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്. അതിനാൽ കേസ് എറണാകുളത്ത് തന്നെ വിചാരണ നടത്തണമെന്നും സുനിൽകുമാർ ഹർജിയിൽ ആവശ്യപ്പെടുന്നു.
ആക്രമിക്കപ്പെട്ട നടിയെയും സർക്കാരിനെയും എതിർകക്ഷികളാക്കിയാണ് സുനിൽ കുമാർ ഹർജി സമർപ്പിച്ചിട്ടുള്ളത്. നടിമാരായ ഹണി റോസിനെയും രചന നാരായണൻ കുട്ടിയെയും എതിർകക്ഷികളാക്കിയിട്ടുണ്ട്.
വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ ഹർജി. ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ ലിസ്റ്റ് ഇന്ന് രജിസ്ട്രാർ കോടതിക്ക് കൈമാറും. നേരത്തെ തൃശ്ശൂർ, എറണാകുളം ജില്ലകളിൽ വനിതാ ജഡ്ജിമാരുടെ വിശദാംശങ്ങൾ പരിശോധിച്ചെങ്കിലും ഒഴിവുള്ള വനിതാ ജഡ്ജിമാർ ഇല്ലെന്ന് രജിസ്ട്രാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
Read More: നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജി വേണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഇരയായ തനിക്ക് വനിതാ ജഡ്ജി വേണമെന്നത് തന്‍റെ അവകാശമാണെന്ന് നടി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പുട്ടുസ്വാമി കേസിൽ സ്വകാര്യത ഇരയുടെ അവകാശമാണെന്ന 2017-ലെ സുപ്രീംകോടതി വിധിയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് കോടതി വനിതാ ജഡ്ജിമാരുടെ ലഭ്യത പരിശോധിക്കാൻ നിർദ്ദേശം നൽകിയത്.
അതേസമയം സ്ത്രീകള്‍ ഇരകളാകുന്ന കേസുകൾ പരിഗണിക്കേണ്ട കോടതികളുടെ അപര്യാപ്തതയും സൗകര്യക്കുറവും സംസ്ഥാനത്ത് അതീവ ഗൗരവതരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം പലപ്പോഴും നിർഭയമായി മൊഴി നൽകുവാൻ കഴിയുന്നില്ല.
കഴിഞ്ഞ ആറുമാസത്തിനിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ ക്രമാതീതമായി വർദ്ധിച്ചെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിൽ പീഡനത്തിന് ഇരയാകുന്നവർക്ക് മൊഴി നൽകാൻ കോടതികളിൽ പ്രത്യേക സംവിധാനം ഉണ്ട്. ഇവിടുത്തെ സ്ഥിതി ദയനീയമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam