പാലക്കാട് ജില്ലയിലെ വനിതാ ജ‍ഡ്ജിമാരുടെ ലിസ്റ്റ് ഇന്ന് രജിസ്ട്രാർ കോടതിക്ക് കൈമാറും. നേരത്തെ തൃശ്ശൂർ, എറണാകുളം ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ വിശദാംശങ്ങൾ പരിശോധിച്ചെങ്കിലും ഒഴിവുള്ള ജഡ്ജിമാരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആക്രമിക്കപ്പെട്ട നടിയാണ് വിചാരണ വേഗത്തിൽ ആക്കണമെന്നും വനിതാ ജഡ്ജിയെ കൊണ്ട് കേസ് വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് പാലക്കാട് ജില്ലയിലെ വനിതാ ജ‍ഡ്ജിമാരുടെ ലിസ്റ്റ് ഇന്ന് രജിസ്ട്രാർ കോടതിക്ക് കൈമാറും. നേരത്തെ തൃശ്ശൂർ, എറണാകുളം ജില്ലകളിൽ വനിതാ ജഡ്ജിമാരുടെ വിശദാംശങ്ങൾ പരിശോധിച്ചെങ്കിലും ഒഴിവുള്ള വനിതാ ജഡ്ജിമാർ ഇല്ലെന്നു രജിസ്ട്രാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. 

ഇരയായ തനിക്ക് വനിതാ ജഡ്ജി വേണമെന്നത് തന്‍റെ അവകാശമാണെന്ന് നടി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പുട്ടുസ്വാമി കേസിൽ സ്വകാര്യത ഇരയുടെ അവകാശമാണെന്ന 2017 ലെ സുപ്രീംകോടതി വിധിയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് കോടതി വനിതാ ജഡ്ജിമാരുടെ ലഭ്യത പരിശോധിക്കാൻ നിർദ്ദേശം നൽകിയത്.

അതേസമയം സ്ത്രീകള്‍ ഇരകളാകുന്ന കേസുകൾ പരിഗണിക്കേണ്ട കോടതികളുടെ അപര്യാപ്തതയും സൗകര്യക്കുറവും സംസ്ഥാനത്ത് അതീവ ഗൗരവതരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം പലപ്പോഴും നിർഭയമായി മൊഴി നൽകുവാൻ കഴിയുന്നില്ല. 

കഴിഞ്ഞ ആറുമാസത്തിനിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ ക്രമാതീതമായി വർദ്ധിച്ചെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിൽ പീഡനത്തിന് ഇരയാകുന്നവർക്ക് മൊഴി നൽകാൻ കോടതികളിൽ പ്രത്യേക സംവിധാനം ഉണ്ട്. ഇവിടുത്തെ സ്ഥിതി ദയനീയമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.