
കൊച്ചി: നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനെന്ന് പ്രോസിക്യൂഷന്‍ ഹൈകോടതിയില്‍.
പോലീസ് പിടിച്ചാല്‍ മൂന്നുകോടി നല്‍കാമെന്നും ദിലീപ് പള്‍സര്‍ സുനിയോട് പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
അതേസമയം ക്വട്ടേഷന്‍ തുക വാങ്ങിയതിന് ശേഷം രക്ഷപ്പെടാനായിരുന്നു പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
എന്നാല്‍ കൂട്ടുപ്രതി സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങിയതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ പള്‍സര്‍ സുനി സഹതടവുകാരന്‍ വിപിന്‍ലാലിനോട് പറഞ്ഞതായാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. വിപിന്‍ലാലിന്റെ വിശദമായ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു. നിര്‍ണായക വാദഗതികളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചത്.
ക്വട്ടേഷന്‍ വിജയിച്ചിരുന്നുവെങ്കില്‍ ദിലീപിന് 65 കോടിയുടെ നേട്ടം ഉണ്ടാകുമായിരുന്നെന്നും പള്‍സര്‍ സുനി സഹതടവുകാരനോട് പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട നിര്‍ണായകമായ സാക്ഷിയെ ദിലീപ് ജയിലില്‍ കിടന്നപ്പോഴും സ്വാധീനിക്കാന്‍ ശ്രമം നടന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഡിജിപി മഞ്ചേരി ശ്രീധരന്‍ നായരാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.