സാമ്പത്തിക രംഗത്തെ മാന്ദ്യത: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ

By Web DeskFirst Published Sep 27, 2017, 11:49 AM IST
Highlights

ദില്ലി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമാണെന്നും, രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി തകര്‍ന്നിരിക്കുകയാണെന്നും മുന്‍ കേന്ദ്രധനകാര്യ മന്ത്രിയും, ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയതില്‍ ബിജെപിയിലെ പലര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ പേടി കാരണം ആരും ഒന്നും തുറന്ന് പറയുന്നില്ലെന്ന് സിന്‍ഹ പറഞ്ഞു.ഇന്ത്യന്‍ എക്സ്പ്രസില്‍ എനിക്കിപ്പോള്‍ സംസാരിക്കണം എന്ന തലക്കെട്ടില്‍ എഴുതിയ കോളത്തിലാണ് മുന്‍ ധനകാര്യമന്ത്രി കൂടിയായ സിന്‍ഹയുടെ വിമര്‍ശനം.

നോട്ട് നിരോധനം ലഘൂകരിക്കാനാവാത്ത സാമ്പത്തിക ദുരന്തമായിരുന്നു. ജിഎസ്ടി വഴരെ മോശമായാണ് നടപ്പിലാക്കിയത് എന്നും യശ്വന്ത് സിന്‍ഹ ആരോപിക്കുന്നു. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ നിരവധി ചെറുകിട സംരംഭങ്ങള്‍ തകര്‍ന്നു. ദശലക്ഷകണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കാനുള്ള ഒരു പദ്ധതിയും ഇല്ലെന്നും മുതിര്‍ന്ന ബിജെപി നേതാവ് ആരോപിക്കുന്നു.

ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെയും അദ്ദേഹം കടുത്തവിമര്‍ശനമാണ് നടത്തിയത്. ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നിട്ടും ധനസമാഹരണത്തിലൂടെ സാമ്പത്തിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജെയ്റ്റിലി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ജിഡിപി താഴ്ന്നതെന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവനയേയും അദ്ദേഹം വിമര്‍ശിച്ചു. വളര്‍ച്ച കണക്കുകൂട്ടുന്ന രീതി ബിജെപി മാറ്റണം. യഥാര്‍ത്ഥത്തില്‍ പുറത്തു വന്നതിനേക്കാള്‍ താഴ്ചയിലാണ് ജിഡിപിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ബിജെപി പ്രതിഷേധമുയര്‍ത്തിയ കാര്യങ്ങള്‍ക്കൊക്കെ ഇപ്പോള്‍ പ്രതിരോധിക്കേണ്ട അവസ്ഥയാണുള്ളതെന്നും യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടി.

click me!