എഡിജിപിയുടെ മകൾക്ക് പരിക്കൊന്നുമില്ലെന്ന് ഡോക്ടറുടെ മൊഴി

By Web DeskFirst Published Jun 22, 2018, 12:41 PM IST
Highlights
  • എഡിജിപി സുധേഷ് കുമാറിന്‍റെ മകൾക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടറുടെ മൊഴി. 

തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്ക്കറിനെതിരെ എഡിജിപി സുധേഷ് കുമാറിൻറെ മകളുടെ മൊഴി കളാവാണെന്ന് തെളിഞ്ഞു. എഡിജിപിയുടെ മകള്‍ക്ക് പരിക്കുകളില്ലായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർ ഹരികുമാർ‍ പറഞ്ഞു. എക്സ്റേ എടുക്കാൻ എഡിജിപിയുടെ മകൾ വിസ്സമതിച്ചതായും ഡോക്ടറുടെ മൊഴിയില്‍ പറയുന്നു. അതേസമയം, മുൻ കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എഡിജിപിയുടെ മകൾ.

തനിക്കെതിരെ ഗവാസ്കര്‍ നല്‍കിയത് വ്യാജപരാതിയാണെന്നും മര്‍ദ്ദനമേറ്റത് തനിക്കാണെന്നുമാണ് എഡിജിപിയുടെ മകളുടെ ആരോപണം. എഡിജിപിയും കുടുംബവും കൊച്ചിയിലെത്തി മുതിര്‍ന്ന അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു . ഗവാസ്കറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ മകളെ പ്രതിചേര്‍ക്കാന്‍  ക്രൈംബ്രാഞ്ച് ഒരുങ്ങുന്നതിനിടെയാണ് ഹൈക്കോടതിയിലെ നീക്കം.

രാവിലെ കൊച്ചിയിലെത്തിയ എഡിജിപിയും മകളും മുതിര്‍ന്ന അഭിഭാഷകനുമായി ഒരുമണിക്കൂറിലേറെയാണ് കൂടിക്കാഴ്ച നടത്തിയത്. എത്രയും വേഗം ഹര്‍ജി ഹൈക്കോടതിയിലെത്തിക്കാനാണ് ശ്രമം. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ എഡിജിപിയുടെ ബന്ധു തടഞ്ഞു. സ്വഭാവ ദൂഷ്യം ചോദ്യം ചെയ്ത തന്നെ ഗവാസ്കര്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എഡിജിപിയുടെ മകള്‍ പറയുന്നത്.  

പതിനൊന്നാം തീയതി ഡ്രൈവറായെത്തിയ ഗവാസ്കറെ മടക്കി അയക്കാന്‍ അച്ഛനോട് ആവശ്യപ്പെട്ടു. ഇനി വരേണ്ടെന്ന് പറഞ്ഞിട്ടും 14 ആം തിയതി ഗവാസ്കര്‍ വണ്ടിയുമായെത്തി. ഓഫീസിലേക്ക് മടക്കി അയക്കുന്നതിനിടെ ഭാര്യയെയും മകളെയും  കനകക്കുന്നിലിറക്കാന്‍ നിര്‍ദ്ദേശിച്ചു. പിതാവിനോട് പരാതി പറഞ്ഞതിന് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചു. പ്രഭാത നടത്തം കഴിഞ്ഞെത്തിയിട്ടും ഗവാസ്കര്‍ പോയിരുന്നില്ല. വണ്ടിയിലിരുന്ന മൊബൈല്‍ എടുക്കാനെത്തിയ തന്നെ കൈയ്യില്‍ പിടിച്ചു. കാലില്‍ വാഹനം കയറ്റിയെന്നും എഡിജിപിയുടെ മകള്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു

click me!