രാജ്യസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ അട്ടിമറി വിജയത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി. കോൺഗ്രസ് സംഘപരിവാറിന്റെ ബി ടീമാണെന്ന് അദ്ദേഹം ആരോപിച്ചു. ഒഡീഷയിലെ ക്രോസ് വോട്ടിംഗും ബിഹാറിലെ എംഎൽഎമാരുടെ വിട്ടുനിൽക്കലും ചൂണ്ടിക്കാട്ടി, കോൺഗ്രസ് ബിജെപിയെ സഹായിക്കുകയും മതനിരപേക്ഷ രാഷ്ട്രീയത്തെ വഞ്ചിക്കുകയുമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

തിരുവനന്തപുരം: ബിഹാറിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എ നേടിയ അട്ടിമറി വിജയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമ‍ർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് എന്നും ബിജെപിയെ സഹായിക്കുകയണെന്നും ആ പാർട്ടി സംഘപരിവാറിന്റെ ബി ടീമായി മാറിയെന്നും പിണറായി വിമർശിച്ചു. ഒഡീഷയിൽ ക്രോസ് വോട്ടിംഗിലൂടെയും ബിഹാറിൽ മൂന്ന് എം എൽ എമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിലൂടെയും എൻ ഡി എക്ക് അധിക സീറ്റ് ലഭിച്ചെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഹിമാചൽ പ്രദേശിലടക്കം മുൻപ് നടന്ന സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും പുറമെ ബി ജെ പി വിരുദ്ധത പറയുകയും പ്രായോഗികമായി അവരെ സഹായിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കാപട്യമാണ് കോൺഗ്രസിന്റേതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യസഭയിൽ ബി ജെ പിയുടെ അംഗബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കോൺഗ്രസ് മതനിരപേക്ഷ രാഷ്ട്രീയത്തെ വഞ്ചിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർട്ടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്. ബി ജെ പിയെ എതിർക്കുന്നു എന്ന മുദ്രാവാക്യമുയർത്തി ജനങ്ങളോട് വോട്ട് ചോദിക്കുന്ന കോൺഗ്രസ്, നിർണായക ഘട്ടങ്ങളിൽ ബി ജെ പിക്ക് വിജയവഴി തുറന്നുകൊടുക്കുന്ന രാഷ്ട്രീയമാണ് തുടർച്ചയായി സ്വീകരിക്കുന്നത്. ഒഡീഷയിൽ ബി ജെ പി പിന്തുണയുള്ള സ്ഥാനാർത്ഥിയുടെ വിജയത്തിന് ക്രോസ് വോട്ടിംഗ് വഴിയൊരുങ്ങി. ബി ജെ പിയെ തടയുമെന്ന് പ്രഖ്യാപിക്കുന്ന പാർടി തന്നെയാണ് പിന്നാമ്പുറത്തിൽ ബി ജെ പിക്ക് അനുകൂല സാഹചര്യം ഒരുക്കിയത്. ബീഹാറിൽ കണ്ടത് ഇതിലും തുറന്ന രാഷ്ട്രീയകാപട്യമാണ്. മഹാസഖ്യത്തിന്റെ വിജയഗണിതം ഉറപ്പിക്കേണ്ട സമയത്ത് കോൺഗ്രസിലെ മൂന്ന് എം എൽ എമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. അതോടെ ബി ജെ പി നയിക്കുന്ന എൻ ഡി എക്ക് അനുകൂല സാഹചര്യം രൂപപ്പെട്ടു. ബി ജെ പിയുടെ രാജ്യസഭയിലെ അംഗബലം വർധിപ്പിക്കുന്നതിൽ കോൺഗ്രസിന്റെ “സഹായം” വീണ്ടും നിർണായകമായി. ഇത് ഒറ്റപ്പെട്ട സംഭവം അല്ല. വിവിധ സംസ്ഥാനങ്ങളിൽ എം എൽ എമാരുടെ രാജിയും ക്രോസ് വോട്ടിംഗും രാഷ്ട്രീയ കള്ളക്കളികളും വഴി ബി ജെ പിക്ക് അധിക രാജ്യസഭാ സീറ്റുകൾ ലഭിക്കാൻ സാഹചര്യം സൃഷ്ടിച്ചിട്ടുള്ളത് കോൺഗ്രസാണ്. 2024 ൽ കോൺഗ്രസ്സ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിൽ ബി ജെ പി വിജയിച്ചത് നമ്മൾ കണ്ടതാണ്. ഇത്തവണ ഹിമാചൽ പ്രദേശിൽ ഒഴിവുവന്ന ഏക സീറ്റ് കോൺഗ്രസ്സിനു ജയിക്കാനായത് അവിടെ ബി ജെ പി സ്ഥാനാർത്ഥിയെ നിർത്താതെ സഹായിച്ചതുകൊണ്ടു മാത്രമാണ്. മുദ്രാവാക്യങ്ങളിൽ ബിജെപി വിരുദ്ധത, പ്രവർത്തിയിൽ ബി ജെ പിക്ക് കൈത്താങ്ങ്- ഇതാണ് കോൺഗ്രസിന്റെ യഥാർത്ഥ രാഷ്ട്രീയം. ബി ജെ പിയ നിർലജ്ജം സഹായിക്കുന്ന കോൺഗ്രസ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ നേതാവാണെന്ന് സ്വയം അവകാശപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യത്തെ തന്നെ പരിഹസിക്കുന്നതാണ്. ബി ജെ പിയുടെ ബി ടീം ആരാണ് എന്ന ചോദ്യമുയരുന്നത് ഈ സാഹചര്യത്തിലാണ്. കോൺഗ്രസല്ലെങ്കിൽ പിന്നെ ആരാണ് അത്?

രാജ്യസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത്

രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ എൻ ഡി എ അട്ടിമറി വിജയമാണ് സ്വന്തമാക്കിയത്. ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും എൻ ഡി എ സ്ഥാനാർത്ഥികൾ അപ്രതീക്ഷിത വിജയം നേടിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, മുൻ മുഖ്യമന്ത്രിയും ജെ ഡി യു അധ്യക്ഷനുമായ നിതീഷ് കുമാർ എന്നിവരടക്കമുള്ളവർ ജയം നേടി. മൂന്ന് കോൺഗ്രസ് എം എൽ എമാർ കൂറുമാറി വോട്ട് ചെയ്തതാണ് എൻ ഡി എയുടെ സമ്പൂർണ്ണ വിജയത്തിന് വഴിയൊരുക്കിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ബി ജെ പി തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടത്തിയെന്നാണ് ആർ ജെ ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചത്. ഒഡീഷയിലും എൻ ഡി എ മികച്ച വിജയം കൈവരിച്ചു. നാല് സീറ്റുകളിൽ മൂന്നെണ്ണത്തിലും എൻ ഡി എ സ്ഥാനാർത്ഥികൾ വിജയിച്ചു. കോൺഗ്രസ് - ബി ജെ ഡി സംയുക്ത സ്ഥാനാർത്ഥി ഇവിടെ പരാജയപ്പെട്ടത് ഞെട്ടലായി. ഒഡീഷയിലും കൂറുമാറ്റം ആരോപണം ശക്തമാണ്. അതേസമയം, ഹരിയാനയിൽ വോട്ടെണ്ണൽ തർക്കത്തെത്തുടർന്ന് വൈകുകയാണ്. രണ്ട് കോൺഗ്രസ് എം എൽ എമാരുടെ വോട്ടുകൾ അസാധുവാക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

YouTube video player