എഡിജിപി സുദേഷ് കുമാറിനെ സ്ഥലം മാറ്റി

By Web deskFirst Published Jun 16, 2018, 12:07 PM IST
Highlights
  • സുദേഷ് കുമാറിനെ പോലീസ് സേനയ്ക്ക് പുറത്ത് നിയമിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് സൂചന

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മകൾ മർദ്ദിച്ച സംഭവത്തിൽ വിവാ​ദത്തിലായ എഡിജിപി സുദേഷ് കുമാറിനെ സ്ഥലം മാറ്റി. ബാറ്റാലിയൻ മേധാവി സ്ഥാനത്ത് നിന്നാണ് അദ്ദേഹത്തെ മാറ്റിയത്. 

സ്ഥലം മാറ്റിയ സുദേഷ് കുമാറിന് പകരം നിയമനം നൽകിയിട്ടില്ല. സുദേഷ് കുമാറിന്‍റെ ഒഴിവില്‍ എഡിജിപി ആനന്ദകൃഷ്ണന്‍റെ ബറ്റാലിയന്‍റെ ചുമതല നല്‍കിയിട്ടുണ്ട്. ബാറ്റാലിയൻ മേധാവി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട സുദേഷ് കുമാറിനെ പോലീസ് സേനയ്ക്ക് പുറത്ത് നിയമിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് സൂചന. ഏതെങ്കിലും പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്തോ അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ വകുപ്പിലോ ഡെപ്യൂട്ടേഷനിൽ അദ്ദേഹത്തെ നിയമിക്കുമെന്ന് വിവരം. 

എഡിജിപിയും അദ്ദേഹത്തിന്റെ കുടുംബവും ക്യാംപ് ഫോളോവേഴ്സിനോട് അങ്ങേയറ്റം മോശമായാണ് പെരുമാറുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ പൊതുനിരത്തിൽ വച്ചു കൈകാര്യം ചെയ്തത്. 


ആക്രമണത്തിൽ കഴുത്തിലെ കശേരുകൾക്ക് പരിക്കേറ്റ പോലീസ് ഡ്രൈവർ ​ഗവാസ്കർ എഡിജിപിയുടെ മകൾക്കെതിരെ പോലീസിൽ പരാതി കൊടുക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്തതോടെയാണ് എഡിജിപിയും കുടുംബവും കുരുക്കിലായത്.

​ഗവാസ്കറുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനായി എഡിജിപിയുടെ മകൾ സ്നി​ഗ്ദ്ധാ കുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ​ഗവാസ്കർക്കെതിരെ പരാതി കൊടുക്കുകയും ചെയ്തെങ്കിലും പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെട്ടതോടെ ഇത് പാളി. 

​പോലീസ് ഡ്രൈവറെ മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് സേനയ്ക്കുള്ളിലും പൊതുസമൂഹത്തിലും ഒരേപോലെ പ്രതിഷേധം ഉയർന്നതോടെ ഉന്നത ഉദ്യോ​ഗസ്ഥർക്ക് പോലീസുകാർ ദാസ്യപ്പണി ചെയ്യുന്ന അവസ്ഥ അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടിരിക്കുകയാണ്. ​ഗവാസ്കറെ മാതൃകയാക്കി എഡിജിപിയുടെ ചൂഷണം ചോദ്യം ചെയ്യാൻ കൂടുതൽ പേർ മുന്നോട്ട് വന്നതും എഡിജിപിക്ക് തിരിച്ചടിയായി. 
 

click me!